Friday, April 26, 2019

ഡിസ്നി ലാന്റ്

ഡിസ്നി ലാൻറ് എന്നു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരിക, ഞങ്ങൾ  ഒൻപത് സുഹൃത്തുക്കൾ പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ  ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന  വീടിനെയാണ്. നെസ്റ്റിൽ പണിയെടുക്കുന്ന കാലമായിരുന്നു അത്. ഞങ്ങൾ അനിമേറ്റർമാരുടെ കുലദൈവമായി കരുതിപ്പോന്നിരുന്ന സാക്ഷാൽ വാൾട്ട് ഡിസ്നിയുടെ സ്മരണ നിലനിർത്തുന്ന വീട്ടു പേരിനൊപ്പം പേയാട് മനോഹരമായി വരച്ച ഗൂഫി ചിത്രവും വീടിന്റെ  പുറം ചുവരിനെ അലങ്കരിച്ചിരുന്നു..  ഞങ്ങൾക്ക് കഥപറയുന്ന വൈകുന്നേരങ്ങൾ ഉണ്ടായിരുന്നു. രാത്രി ഭക്ഷണം ഉണ്ടാക്കി വച്ച് കഴിഞ്ഞാൽ, പിന്നെ നേരംപോക്കിന് കഥകളെയാണ് ആശ്രയിച്ചിരുന്നത്. അന്ന് മൊബൈൽ ഫോണിലേക്ക് കുനിഞ്ഞിരിക്കുന്ന യുഗം ആരംഭിച്ചിരുന്നില്ല. പ്രണയ മഴയും അതിലെ ഇടിമുഴക്കങ്ങളും സ്ഥിര വിഷയമായപ്പോ, ഞങ്ങൾ അതിനു ഒരു കടിഞ്ഞാൺ നൽകി. ഒരു ദിവസം പ്രണയം എങ്കിൽ അടുത്തത് പ്രേത കഥ. അതിനടുത്തത് തമാശ കഥ, പിന്നെ അപ്രതീക്ഷിത സംഭവ കഥ......അങ്ങനെ  രസകരങ്ങളായ ഒട്ടേറെ വൈകുന്നേരങ്ങളെ സൃഷ്ടിച്ചു, ആ കഥകൾ... ! അക്കാലത്തെ എന്റെ ഓർമ്മകൾ ഇപ്പോഴും പച്ച പിടിച്ചു നിൽക്കുകയല്ലെങ്കിലും
ഒരു ഓർമ്മ ചിത്രം പങ്കവയ്ക്കാമെന്ന് തോന്നുന്നു.. നിങ്ങൾക്കും ചിലപ്പോ രസിച്ചേക്കാം. ഈ കഥയിലെ കൂട്ടുകാർക്ക് ഒറിജിനൽ പേരിനേക്കാൾ സ്ഥലപ്പേരാ നല്ലത്, കൂട്ടുകാർ വന്നു കമൻറ് കോളത്തിൽ സ്വയം വെളിപ്പെടും വരെ പേരുകൾ രഹസ്യമായിരിക്കട്ടെ.

അതൊരു ഞായറാഴ്ച ആയിരുന്നു.
ഞാനും പേയാടും (തിരുന്തോരം, പേയാട് ഉള്ള സുഹൃത്ത്) നീലനും (നീലേശ്വരം കാരൻ) ഉൾപ്പെട്ട മൂവർ സംഘത്തിനാണ് അന്നത്തെ അടുക്കള ഭരണം.   വൈകിട്ടത്തെക്കുള്ള ഭക്ഷണമൊരുക്കി വേഗം അടുക്കള കാലിയാക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ശ്രമിച്ച, ചുവന്നു തുടുത്ത ഒരു സായം സന്ധ്യയായിരുന്നു കഥാ പരിസരം.
ഞങ്ങളെ തൊഴിലെടുക്കാൻ വിട്ടിട്ടു  മൂന്നു കണ്ണൂരുകാർ അടുത്ത വീട്ടിലേക്ക് ഏതോ സി ഡി കാണാൻ പോയിരിക്കുകയാണ്. മല്ലപ്പള്ളി, സ്ഥിരം പ്രേതകഥകൾ പറഞ്ഞു ചിരിപ്പിക്കാറുള്ള അടിമാലി, സീരിയസ് കോമേഡിയൻ മി. മൂവാറ്റുപുഴ എന്നിവർ ആഴ്ചാവസാനം പ്രമാണിച്ച് നാട്ടിലേക്ക് പോയ ഒരു കരി ദിനം. അലസമായിക്കിടക്കുന്ന ഡിസ്നിലാന്റിലെ അടുക്കളയിൽ 'Mr. Cook.'എന്ന 10 ലി. കുക്കർ പണിയെടുത്തു ചുവപ്പിച്ചു കൊണ്ടിരിക്കുന്ന സാമ്പാറിൽ, വട്ടത്തിൽ വെട്ടിയിട്ട കാരറ്റ് കണക്കെ സൂര്യൻ വെന്തു പഴുത്തു നിന്ന ഒരു സായം കാലം!..
പണിത്തിരക്കൊഴിഞ്ഞപ്പോ ഞങ്ങൾ സാമ്പാറിനെ ചൂടാറാൻ വിട്ടു പൂമുഖത്തേക്ക്‌ വന്നു. അങ്ങ്  ദൂരെ, മൈതാനത്തിനപ്പുറത്ത് കൊച്ചിൻ യൂണിവെഴ്സിറ്റിയിലേക്ക് ഒരു റോഡു പോകുന്നുണ്ട്. അതിലൂടെ വല്ലപ്പോഴും നടന്നു പോകുന്ന ആൾക്കാരെ അതിസൂക്ഷമായി നോക്കിയാൽ കാണാം. ചതുപ്പ് നിലം നികത്തിയ ഭാഗം ആയത് കൊണ്ടാവും, വീടിനു മുന്നില് നീണ്ടു നിവർന്നു കിടക്കുന്ന മൈതാനത്തിനു നടുവില്  ഒരു കുഞ്ഞൻ അരുവിയും അതിനു കുറുകെ സ്ലാബുകൾ പാകിയ  ഒരു കുഞ്ഞു പാലവും ഉണ്ട്. ഈ പാലത്തിലിരുന്നാണ്  ഞാനും നീലനും കൂടി, പേയാട് പ്രണയ വേദനകൾ അയവിറക്കുമ്പോൾ സഹാനുഭൂതിയുടെ ഗ്രീസിട്ട്‌ കൊടുത്തിരുന്നത്. അവന്റെ വേദനകളും പ്രശ്നങ്ങളും അക്കാലഘട്ടത്തിൽ ഞങ്ങളുടെയും കൂടി പ്രശ്നങ്ങൾ ആയിരുന്നല്ലോ...
എന്നാൽ ഇന്ന് ആ വിഷയം ചർച്ചയ്ക്കെടുത്തില്ല...
എന്ത് കൊണ്ടോ അന്തരീക്ഷത്തിനു ആകെ ഒരു മ്ലാനത. എങ്ങും നിറഞ്ഞ നിർവികാരത.. ചുറ്റും ശ്മശാന മൂകത. ഡിസ്നിലാന്റിലും പരിസര പ്രദേശങ്ങളിലും ഇരുട്ട് വീണു കഴിഞ്ഞു. പെട്ടെന്ന് കറന്റ് പോയി.
അന്തരീക്ഷത്തിന്റെ സപ്പോർട്ട് മുതലാക്കാൻ തീരുമാനിച്ചു ഒരു കഥ പറയാൻ തുടങ്ങി. കഥയെന്നാലെന്താ? പ്രേത കഥ...അതെ അനുഭവമെന്ന പേരില് കെട്ടിച്ചമച്ച കഥകൾ പറയാൻ തുടങ്ങി. പേയാട്  കേട്ടറിഞ്ഞ ഒരു കഥയെ    പൊലിപ്പിച്ചു ഒരു യഥാർത്ഥ സംഭവമാക്കി അവതരിപ്പിക്കുന്നു. നീലന്റെ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി, അവനു ഭയത്തിന്റെ ഉറവപൊട്ടിയിട്ടുണ്ട്. ഇനിയത് ഉരുൾപൊട്ടലാക്കുകയേ വേണ്ടൂ. അറിയാവുന്ന കഥയായതുകൊണ്ട് ഞാനും കഥ പൊലിപ്പിക്കാൻ കൂടി...
പല നാട്ടിലും പല വേർഷനിൽ കേട്ടിരിക്കാൻ സാധ്യതയുള്ള ആ കഥ ഞങ്ങൾ ചില പൊടികൈകൾ ചേർത്ത് ഇങ്ങനെ അവതരിപ്പിച്ചു ..

'സമയം പതിവ് പോലെ അർദ്ധരാത്രി ...എന്തോ അത്യാവശ്യത്തിനു ദൂരേക്ക്‌ ഓട്ടം പോയ ഒരു ഓട്ടോ ഡ്രൈവർ പോത്തൻകോട്  വഴി തിരിച്ചു വരുവാണ്. എവിടെയും വിളക്കുകൾ ഒന്നും കാണുന്നില്ല. സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. ഇനിയുള്ള കുറെ ദൂരം റബർ കാടുകൾ ആണ്..മനുഷ്യവാസം തീരെ കുറഞ്ഞ ഇടം.. ജംഗ്ഷനിൽ ഉണ്ടായിരുന്ന തട്ടുകട ചന്ദ്രൻ, കട അടച്ചു പോയതോടെ ആകാശത്ത് അവശേഷിച്ച ചന്ദ്രൻ എനിക്കൊന്നും കാണാൻ വയ്യേ എന്ന് മട്ടിൽ  മേഘമാലകൾക്കിടയിൽ മറഞ്ഞു കളഞ്ഞു.   ഇരുണ്ട് വിജനമായ റബർതോട്ടമാണ് ആ കാണുന്നത്..... ഓട്ടോയുടെ മുരളലിനപ്പുറം ഒരു കൂമന്റെ മൂളൽ കേള്ക്കുന്നുണ്ടോ?.. അയാൾക്ക്‌ ചെറിയ പേടി തോന്നി..അപ്പോഴാണ്‌ ഓട്ടോയുടെ വെളിച്ചത്തില് ദൂരെ ഒരാള് രൂപം കണ്ടത്. ആദ്യം ഒരു ആളൽ തോന്നിയെങ്കിലും, അതൊരു മനുഷ്യൻ ആയിരുന്നതിനാൽ സമാധാനം തോന്നി. ഒരു സ്ത്രീ കൈ കാണിക്കുകയാണ്. 
ഓട്ടോ നിർത്തി. ആ സ്ത്രീ 'വല്യ ഉപകാരം അടുത്ത ജംഗ്ഷനിൽ ഇറങ്ങിക്കൊള്ളാം' എന്ന് പറഞ്ഞു ഓട്ടോയിൽ കയറി. കേറുമ്പോൾ ഒരു ശബ്ദം കേട്ടെന്ന് തോന്നി.. 'ക്ടക്... ക്ടക്ക്' കുറച്ചു ദൂരം പോയപ്പോഴെയ്ക്കും ആ ശബ്ദം വീണ്ടും കേട്ടു.. അസ്വാഭാവികമായ ഒന്നും കാണാത്തതിനാൽ ഓട്ടോ യാത്ര തുടർന്നു. ഓട്ടോക്കാരൻ ഇടയ്ക്കിടെ പിന്നിലേക്ക്‌  നോക്കുന്നുണ്ട്. ഡ്രൈവർമാർക്കിടയിൽ പ്രേതകഥകൾക്ക് പഞ്ഞമില്ല, അതുകൊണ്ട് വല്ല യക്ഷിയുമാണോ എന്ന് ആദ്യമുണ്ടായ ഭയം, രാത്രിയിൽ യാത്ര ചെയ്യേണ്ടി വന്ന അത്യാവശ്യവും മറ്റും കേട്ടപ്പോൾ മാറി. അടുത്ത ജങ്ഷനിൽ എത്തി അവൾ ഇറങ്ങി കൂലി കൊടുത്തു. എന്നിട്ട് പോകാൻ തിരിഞ്ഞപ്പോൾ അതെ ശബ്ദം വീണ്ടും.. .. 'ക്ടക്ക്‌ ..ടക്ക് ' പെട്ടെന്ന് ഡ്രൈവർ അവളുടെ കാലിലേക്ക് നോക്കി! പാദങ്ങളുടെ സ്ഥാനത്ത് കുതിര കുളമ്പുകൾ! കാലുകൾ കുതിരയുടെത് പോലെ ..  രണ്ടാമതൊന്നുകൂടി നോക്കീല, അയാള് ഓട്ടോയുമായി കുതിച്ചു പാഞ്ഞു..
(ഇപ്പൊ ഞാൻ നീലന്റെ മുഖത്ത് നോക്കി.. അവൻ കണ്ണുകൾ  ദൂരേയ്ക്ക് തുറിച്ചങ്ങനെ ഇരിക്കുവാണ്..)
ഓട്ടോക്കാരൻ വേഗത്തിൽ അടുത്ത ജങ്ഷനിൽ എത്തി. സ്ട്രീറ്റ് ലൈറ്റ്  ഒക്കെയുള്ള വിശാലമായ ജങ്ഷൻ. അയാൾക്ക്‌ കണ്ടത്  സ്വപ്നമോ മിഥ്യയോ എന്ന് സംശയം.. ആരോടെങ്കിലും ഒന്ന് പറയണം.. അപ്പോഴതാ ആ ബസ്റൊപ്പിൽ ഒരാള് ഇരിപ്പിണ്ട്. വണ്ടി നിർത്തി അയാളുടെ അടുത്തേക്ക് ചെന്നു. അതൊരു പാവം മധ്യ വയസ്ക്കൻ ആയിരുന്നു, പുലർച്ചെയുള്ള ബസിൽ എവിടെയ്ക്കോ പോകാനായി വന്ന അയാള് അവിടെ വിശ്രമിക്കുവാണ്..
ഓട്ടോക്കാരൻ ചെന്നപാടെ അയാളുടെ അനുഭവം വിവരിച്ചു. മറ്റെ കക്ഷി അത്ഭുതത്തോടെ കേട്ടിരുന്നു. ഒടുവിൽ കുളമ്പ് കാര്യം കേട്ടതും ചാടി എണീറ്റ്‌ മുണ്ടിന്റെ താഴെഭാഗം നീക്കി  'ഇത് പോലെ ആണോ' എന്ന് ചോദിച്ചു.
ഓട്ടോക്കാരൻ വ്യക്തമായും കണ്ടു, പാദങ്ങൾക്ക്  പകരം രണ്ട് കുളമ്പുകൾ!'...

അതെ നിമിഷത്തിൽ ഒരു അലർച്ച ഞാൻ കേട്ടു..പേയാടൻ ഞെട്ടി എന്നെ നോക്കി. പിന്നെ നടുവിൽ ഇരുന്ന നീലനെ നോക്കി. അവനാണ് അലറിയത്. ഭിത്തിയിലേക്ക് കണ്ണ് തുറിച്ചു വിളറി വെളുത്ത് സ്തബ്ധനായി ഇരിക്കുന്നു...ഞങ്ങൾ അന്തംവിട്ടു. കഥ കേട്ട് പേടിക്കാൻ മാത്രം ഇതിൽ ഒന്നും ഇല്ലല്ലോ? 'ഇല്ലളിയാ, ഞാൻ കണ്ടു..നിങ്ങൾ കഥ പറയുമ്പോൾ ഇവിടെ ആരോ ഉണ്ടായിരുന്നു..ആ നിഴൽ ഞാൻ കണ്ടതാ..' ശബ്ദം തിരിച്ചു കിട്ടിയപ്പോൾ അവൻ പറഞ്ഞു. ഞങ്ങളുടെ ഉള്ളിലും ഒരാന്തൽ ഉണ്ടായി. നിഴലോ? വെളുത്ത ചുവരിൽ ഒരു നിഴലും കാണാനില്ല. മുറ്റത്തിനപ്പുറം മൈതാനം ആണ്. അവിടെയും ആരും ഇല്ല. ഓടി വന്നിട്ട് പോകാൻ മാത്രം ചെറുതല്ല മൈതാനം. എവിടെ നിന്നാലും കാണാൻ പറ്റും. വീടിന്റെ വശങ്ങളിലേക്ക് പോകാൻ ഉള്ള സാധ്യതയും ഞങ്ങൾ പരിശോധിച്ചു. അങ്ങനെ ആരും വന്നിട്ടില്ല എന്ന് ഉറപ്പിച്ചു. പേയാടൻ,  'ഡേയ് നീല, നിനക്ക് തോന്നിയതാവും, കഥ കേട്ട് പേടിച്ചതാവും'.. എന്നൊക്കെ പറഞ്ഞു,. അവൻ സമ്മതിക്കുന്നില്ല. കണ്ടതിൽ തന്നെ ഉറച്ചു നില്ക്കുവാണ്..
അപ്പോഴാണ്‌, കൂട്ടരെ, ഞാനും ആ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്!
നീലൻ കണ്ടപോലെ ഒരാൾ രൂപം...ഒരു വലിയ നിഴൽ ചുവരിലൂടെ കടന്നു പോകുന്നു. കൈകൾ വീശി നടന്നാണ്  പോകുന്നത്. ഞാൻ പേയാടനെയും അത് കാണിച്ചു. ശരിയാണല്ലോ..എന്നാൽ മൈതാനം വിജനം.. നീലൻ അലറി, കണ്ടാ, കണ്ടാ....അത് വീണ്ടും വന്നു...
...........................................
ഇനി അൽപനേരം കുറ്റാന്വേഷണം .. അപസർപ്പക നോവലുകളിലെ കഥാപാത്രങ്ങളായി ഞങ്ങൾ മാറി. ചില്ലറ കണക്കു കൂട്ടലുകൾ. അല്പം അനുമാനം, പിന്നെ വിശകലനം. ഒടുവിൽ ഞങ്ങൾ അത് കണ്ടു പിടിച്ചു. ദൂരെ കൊച്ചിൻ യൂണിവെഴ്സിറ്റിയിലേക്ക് ഒരു റോഡു പോകുന്ന കാര്യം പറഞ്ഞില്ലേ. അതിനരികിൽ താഴ്ന്ന് നിൽക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്.. അതിന്റെ വെളിച്ചം ഞങ്ങളുടെ വിശാലമായ പൂമുഖത്തെ ഭിത്തിയിൽ വീഴുന്നുണ്ട്. മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്ത മറ്റൊരു ഇലക്ട്രിക്ക് ലൈനിലൂടെ വെളിച്ചത്തിന്റെ അനൗപചാരിക സന്ദർശനം. റോഡിനിപ്പുറത്തു കൂടി ആരെങ്കിലും പോയാൽ അവരുടെ നിഴൽ ഒരുപാട് ദൂരം സഞ്ചരിച്ചു ഞങ്ങളുടെ വീടിന്റെ ഭിത്തിയിൽ വലിപ്പത്തിൽ വീഴും. ആൾ വേഗം ചുറ്റുമുള്ള ഇരുട്ടിൽ മറയും. അതുപോലെ നിഴലും  മായും.. ഈ കണ്ടെത്തൽ നീലനു വേണ്ടി ശാസ്ത്രീയമായി ഞങ്ങൾ തെളിയിച്ചു.. പക്ഷേ അതിന് ഒരാൾ ആ ദൂരത്തിലേക്ക് പോകേണ്ടി വന്നെന്നു മാത്രം.  ഒരു നിഴൽ, അതാണ്‌ ഞങ്ങള്ക്കെതിരെ ഭിത്തിക്ക് അഭിമുഖമായിരുന്ന നീലനെ ഭയപ്പെടുത്തിയ ഭീകരൻ! പിന്നെ ഇത് പറഞ്ഞു ഞങ്ങൾ കുറെ ചിരിച്ചു.
ഒരു പക്ഷെ അന്നത് കണ്ടു പിടിക്കാൻ  കഴിഞ്ഞില്ലായിരുന്നെങ്കിൽ...... ഇപ്പോഴും ഒരു ചോദ്യമായ് അല്ലെങ്കിൽ തോന്നലായി ബാക്കി കിടന്നേനെ!
രസകരമായ മറ്റൊരു ഓർമ്മയുമായി വീണ്ടും വരാം..

No comments:

Post a Comment