Sunday, February 12, 2023

കഥ - പൂവാലി 

ജ്യോതിഷ് വെമ്പായം 


 "ലോകം കീഴ്മേല് മറിഞ്ഞാലും അതൊന്നുമറിയാതെ പോത്തുപോലെ കിടന്നുറങ്ങുന്നതു നോക്കിയേ...  അങ്ങോട്ട് എണീക്കു മനുഷ്യാ..."

 ഭാര്യയുടെ ആക്രോശമാണ് കറവക്കാരൻ ഗോപാലനെ ഉച്ചയുറക്കത്തിന്റെ എ, ബി, സി നിലവറകൾ ഭേദിച്ച് പുറത്തേക്കു കൊണ്ട് വന്നത്.

 പോത്ത് എന്ന അവസാന വാചകം ബോധത്തിലേക്ക് മെല്ലെ വന്നു മുട്ടിയുരുമ്മി നിന്നു. അതയാൾക്ക്  ഈർഷ്യയുണ്ടാക്കി. പശുക്കളുടെ നാഥനായ ഒരാളെ   പോത്ത് എന്ന് അഭിസംബോധന ചെയ്യുന്നതിലെ  വൈരുദ്ധ്യാത്മകത ചിലർക്ക്  മനസിലാവുകയില്ല.

 അയാൾ എണീറ്റ് ബഞ്ചിൻ്റെ ഓരത്തിരുന്നു. മരച്ചീനിയും മീനും ചേർത്ത് ഉച്ചയൂണ് ബലപ്പിച്ചപ്പോ  ഒരു സുഖം തോന്നിയതാണ്. പെട്ടെന്ന് ഏതോ ഇടവഴി ചാടി ഒരു തലപെരുപ്പ് വന്നു.  വരാന്തയിലെ ബഞ്ചിലേക്ക് ചാഞ്ഞത് മാത്രമറിയാം. മയങ്ങിപ്പോയി. അതിനിപ്പ എന്താണ്?

 "ചെന്നു നോക്ക്, നിങ്ങളുടെ നന്ദിനിയെ"...

മിഴിച്ചിരിക്കുന്ന അയാളെ കടന്നു മുറ്റത്ത് ഉണക്കാൻ വച്ചിരുന്ന വറ്റൽ മുളകിനടുത്തേയ്ക്കു പോവുമ്പോൾ ഭാര്യ പറഞ്ഞു. 

അവളുടെ നിസംഗഭാവം അയാളെ പരിഭ്രാന്തനാക്കി. ചാടി എണീറ്റ് കിഴക്കു വശത്തേയ്ക്ക് ഓടി. അയ്യോ, എരുത്തിൽ കാലി! ഉച്ചവരെ മൃദുവായി അമറിയും തലയാട്ടിയും ചാണകമിട്ടും നന്ദിനിപ്പൂവാലി നിന്ന ഇടം ദാ ശൂന്യം! അയാൾ നെഞ്ചത്തടിച്ചു. എന്റെ നന്ദിനി എവിടെ....

" മാതാവിനെ കെട്ടിയിടുന്നത് ദ്രോഹമാണെന്ന് പറഞ്ഞു അവന്മാര്  കയറു കണ്ടിച്ചു കളഞ്ഞു !"

"ആര്?"

"ആ സോമന്റേം ദിവാകരന്റേം മക്കള്... പറഞ്ഞിട്ടാ പോയത്, ഇനി കെട്ടിയിട്ടാ കാലു തല്ലിയൊടിക്കുമെന്ന്!"

അയാൾ സ്തബ്ധനായി. ആ പിള്ളേര് പറഞ്ഞാൽ പറഞ്ഞതാ. എന്നാലും ഇത്  കൊടും ചതിയല്ലേ? പത്തെമ്പതിനായിരം രൂപ വരുന്ന, പതിനഞ്ചു ലിറ്റർ പാലു തരുന്ന മിടുക്കിപ്പശുവാണ്. കുട്ടി ചത്ത വേദന മാറുന്നതേയുള്ളൂ..

"നിങ്ങളടത് മാത്രമല്ല, അബൂൻറേം ലീലേരേം പിന്ന,  ആ മേനോൻ്റെ മൂന്നു പയ്ക്കളേം കയറൂരി വിട്ടിട്ടുണ്ട്." 

ഭാര്യയ്ക്ക് അതുകൊണ്ടു തന്നെ മികച്ച ആശ്വാസം കിട്ടുന്നുണ്ട്. പക്ഷെ തനിക്കെങ്ങനെ...

രാജ്യം സങ്കീർണമായ ഒരു പ്രശ്നത്തിന് ഉത്തരം കണ്ട ഉച്ചയിൽ ഗോപാലൻ അൽപനേരം ഒന്ന് മയങ്ങിപ്പോയി. അതൊരു പരമമായ തെറ്റ് തന്നെയാണ്. രാജ്യദ്രോഹ തുല്യം. എന്നാലും അതിനിത്രേം ശിക്ഷ വേണമോ? അയാൾ ലീലയുടെ വീട്ടിലേയ്‌ക്കോടി. അയാളെ കണ്ട മാത്രയിൽ പതിവിൻപടി പാല് കറന്നെടുക്കുന്ന പാത്രവും നെയ്യും എടുക്കാൻ കുനിഞ്ഞ ലീല പെട്ടെന്ന് ജാള്യതയിൽ നിന്നു. എന്നിട്ടു ശൂന്യമായ എരുത്തിലിലേയ്ക്ക് ചൂണ്ടി വിഷണ്ണയായി. 

"അവര് ഇവിടെയും വന്നു, കോവാലണ്ണാ."

ലീലയുടെ ഇറക്കിവെട്ടിയ പുതിയ ബ്ലൗസിൻ്റെ  തിളക്കമോ സ്ഥാനം തെറ്റിക്കിടന്ന ഈരഴത്തോർത്തിനെയോ ശ്രദ്ധിക്കാതെ ഗോപാലൻ നിശ്ശബ്ദനായി പിന്തിരിഞ്ഞു. അയാൾ ഇടവഴിയിലേക്കിറങ്ങുമ്പോൾ സമീപവാസിയായ ചിട്ടി ഉലഹന്നാൻ വിളിച്ചു.

"ഗോപാലാ... നീ എങ്ങോട്ടു പോണ്‌? നിൻ്റെ പശു എൻ്റെ നാലഞ്ചു ഏത്തവാഴ തിന്നു. ചെറിയ നഷ്ടപരിഹാരത്തിലൊന്നും ഒതുങ്ങൂലാ.. തെളിവിനു ഞാൻ വീഡിയോ എടുത്തിറ്റൊണ്ട്. ദാണ്ടെ..."

ഗോപാലൻ മൊബൈൽ സ്‌ക്രീനിൽ വ്യക്തമായി കണ്ടു. നന്ദിനിയുടെ ഐശ്യര്യമുള്ള വെള്ള പൂവാല്. അവൾ ചിരിച്ചു കൊണ്ട് വാഴക്കൈകൾ തിന്നുന്നു! അയാൾക്ക്‌ അല്പം സമാധാനമായി. അവൾ പരിസരത്തു എവിടെയോ ഉണ്ട്, ഈശ്വരാ ഒരാപത്തും വരാതിരുന്നാ മതിയായിരുന്നു...

ഇവിടെ വന്നെങ്കിൽ അവളുടെ കുളമ്പടിപ്പാടുകൾ എവിടെ? ആഹാ ചിലേടത്തു കാണാനുണ്ട്. ഉലഹന്നാനെ ഉപേക്ഷിച്ചു രണ്ടു പറമ്പുകൾ താണ്ടിയപ്പോൾ ചൂടാറാത്ത ചാണകം ദൃഷ്ടിയിൽപ്പെട്ടു. അയാൾ ഉത്സാഹഭരിതനായി. ഇത് നന്ദിനിയുടേത് തന്നെ. ഇത്ര കൃത്യമായ വട്ടത്തിൽ ചാണകമിടാൻ ഈ പഞ്ചായത്തിൽ അവൾക്കേ കഴിയൂ...

"എവിടേയ്ക്കാ?"

 സോമൻ വീട്ടു മുറ്റത്തുനിന്ന് വിളിച്ചു ചോദിച്ചു. ഇത് അയാളുടെ പറമ്പാണ്. 

"എൻ്റെ നന്ദിനി.." ഗോപാലൻ മുഴുമിപ്പിച്ചില്ല, സോമൻ്റെ മകൻ വീടിൻ്റെ പുറത്തേയ്ക്കിറങ്ങി വന്ന് മുണ്ടു കയറ്റിക്കുത്തി. 

"എന്താ പിടിച്ചു കെട്ടിയിടാനാണാ ഭാവം? എങ്കി ആ കൈ ഞങ്ങളിങ്ങെടുക്കും"

"ഇല്ല... ഒന്ന് കണ്ടാ മതി" 

ഭയം അയാളെ മറ്റൊരു വഴിയിലൂടെ പായിച്ചു റോഡെത്തിച്ചു. ഈ നാട്ടിലെ പൈക്കളെല്ലാം എങ്ങോട്ടു പോയി? ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ?

"കടമല്ലാതെ വേറെ എന്തരു വേണേലും പറഞ്ഞോ ഗോപാലണ്ണാ.."

രാജ്യപുരോഗതിയുടെ രാഷ്ട്രീയമറിയാത്ത ഗോപാലന്റെ മുന്നിലേക്ക് ഏറെ പുരോഗതിനേടിയ പറ്റു ബുക്ക് എടുത്തിട്ട് പലചരക്കു കടക്കാരൻ ഡേവിഡ് പറഞ്ഞു. കടയിൽ വേറെയും ആൾക്കാറുണ്ടായിരുന്നു. പറ്റുനോക്കാനല്ല, നന്ദിനിയെ കണ്ടോ എന്ന് ചോദിച്ചപ്പോ ഡേവിഡ് വിദഗ്ധനായ ഒരെലിയെപ്പോലെ ധൃതിയിൽ അരിച്ചാക്കുകൾക്കിടയിലേക്കു ഊളിയിട്ടുപോയി. പോണ പോക്കിൽ  'ഇല്ല' എന്ന ഒരു മന്ത്രണം കേട്ട്  ഗോപാലൻ നിരാശനായി പിന്തിരിഞ്ഞു. കേന്ദ്ര നികുതിയും കേരള നികുതിയും എണ്ണവിലയും എല്ലാം കൂട്ടിക്കൂട്ടി പിണ്ണാക്കും  പരുത്തിക്കുരുവുമൊക്കെ ആഡംബരവസ്തുവായി കൈയെത്താത്ത ദൂരത്തെത്തിയപ്പോ നന്ദിനി പ്രതിഷേധസൂചകമായി ഡേവിഡിൻ്റെ കടയ്ക്കു മുൻപിൽ തുരുതുരാ മൂത്രമൊഴിച്ചതു അയാളോർത്തു. 

ദിനസരി ഉറക്കമുണരുമ്പോൾ നാടിനു സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടു അത്ഭുതപ്പെടാനെ നേരമുള്ളൂ. മാറ്റങ്ങൾ, മനസിലാകാത്ത മാറ്റങ്ങൾ! മകനും സംഘവും നടത്തുന്ന മറ്റൊരു പുരോഗമനപ്രവർത്തനവും അയാൾക്ക് മനസിലായിട്ടില്ല. രാവിലെ രജിസ്റ്റർ ഓഫീസിനു മുന്നിൽ ചെന്നിരുന്നു വെവ്വേറെ മതത്തിലോ ജാതിയിലോ സമുദായത്തിലോ ഉള്ളവർ, വിവാഹം രജിസ്റ്റർ ചെയ്യാൻ വന്നാൽ  നിരുത്സാഹപ്പെടുത്തി തിരികെ വീട്ടലെത്തിക്കുന്ന മാതൃകാപരമായ ജോലിയാണ് മകനും കൂട്ടുകാരും  കണ്ടെത്തിയിരിക്കുന്നത്. 

ചായക്കടക്കാരൻ ബഷീറിൻ്റെ കടയോടടുത്തു. വൈകിട്ടത്തെ പാല് ചോദിച്ചാൽ എന്ത് പറയണമെന്ന് കുഴങ്ങുമ്പോഴേയ്ക്കും കട പൂട്ടിയിരിക്കുന്നതായി കണ്ടു. ഗോപാലന് ആശ്വാസം തോന്നി. മറുപടി പറയാതെ കഴിഞ്ഞല്ലോ. തൊട്ടപ്പുറത്തെ ഇറച്ചിക്കടക്കാരൻ നാസറിൻ്റെ കട ആ പിള്ളേര് പൂട്ടിച്ചിട്ടു ഏഴു മാസമാകുന്നു.  എങ്ങനെയോ ഗൾഫിൽപോയി അവിടേം ക്ലച്ച്  പിടിക്കാതെ തിരികെ വരവേ വഴിയിൽ കണ്ട ടിപ്പറിനു മുന്നിൽ കേറി നിന്നു.... ഇറച്ചി പോലും കിട്ടിയില്ലത്രേ.

ഗോപാലൻ റോഡ് മുറിച്ചുകടന്ന്, പടർന്നു പിടിച്ച കമ്മ്യൂണിസ്റ്റു പച്ചയ്ക്കിടയിലൂടെ ചെട്ടിയാരുടെ പറമ്പിലേക്ക് കേറി. ആൾപ്പാർപ്പില്ലാത്ത ചെട്ടിയാരുടെ പഴയ വീടിനു ചുറ്റും സമൃദ്ധമായി തഴച്ചു വളരുന്ന ഒരു സ്വാഭാവിക വനമുണ്ട്. സ്വച്ഛശീതളമായൊരു  പച്ചക്കാട്. പച്ചക്കുതിരകൾ മേയുന്ന കറുകപ്പുല്ലുകൾ, വള്ളിപ്പടർപ്പുകൾ പടർന്ന മാവുകൾ, ചക്ക വീണു ചിതറി കിളിർത്ത പ്ലാവുകൾ, മേലെ കുടപിടിക്കുന്ന കൊന്നത്തെങ്ങുകൾ. നന്ദിനിക്ക് പുല്ലും ചിലപ്പോഴൊക്കെ വയണയും നാട്ടുവൈദ്യത്തിന് ആടലോടകവും പറിക്കാൻ വരാറുള്ളതാണ് ഈ സുന്ദരൻ ലോകത്തേയ്ക്ക്.  നന്ദിനി ഇവിടെ കാണുമെന്നു ഉള്ളു പറഞ്ഞു. പക്ഷെ തേടി നടക്കാൻ വയ്യ, കാലുകൾ തളരുന്നുണ്ട്. അയാൾ ഒരു മരച്ചോട്ടിലിരുന്നു. അങ്ങനിരിക്കുമ്പോ അതാ കേൾക്കുന്നില്ലേ  ഒരു കുളമ്പടിയൊച്ച? പുല്ലിൽ മുഖമുരുമ്മുമ്പോളത്തെ ഉച്ഛാസ താളം?

അയാളുടെ മനസ് പറഞ്ഞത് ശരിയായിരുന്നു. നന്ദിനി വന്നു അയാൾക്ക്‌ മുന്നിൽ പൂവാലാട്ടി നിന്നു. പാരതന്ത്ര്യത്തിൻ്റെ അലങ്കാര ചാർത്തുകളൊഴിഞ്ഞ  നഗ്നമായ ഗളസ്ഥലം നീട്ടി, കാൽ മടമ്പിൽ അരമുള്ള നാക്കു കൊണ്ട് നക്കി. അയാൾക്ക്‌ പുളകം തോന്നി. കണ്ണുകളിൽ നിന്ന് ആനന്ദം ധാരധാരയായി നിർഗ്ഗളിച്ചു. അയാൾ അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ തലോടി. മുഖത്തോടു മുഖം ചേർത്തു വച്ചു.

അവൾക്കു പിന്നാലെ വേറെയും പശുക്കൾ അവിടേയ്ക്കു വന്നു. ലീലയുടെ, അബുവിൻ്റെ, മേനോൻ്റെ, സക്കറിയയുടെ...എല്ലാം അയാളെ അറിഞ്ഞ പശുക്കൾ. 

ക്ഷീണം മനസിലായെന്നവണ്ണം അകിട് ചുരത്തി, കിടാവിനടുത്തേയ്‌ക്കെന്നപോലെ നന്ദിനി ചരിഞ്ഞു നിന്നു. ഗോപാലൻ തൻ്റെ കൈവെള്ളയിലേക്കു വീണ പാൽ തുള്ളികൾ മെല്ലെ നുകരുമ്പോൾ  മടക്കിക്കുത്തിയ ലുങ്കിയോടെ സോമൻ്റെ മകൻ കമ്മ്യൂണിസ്റ്റ് പച്ചയ്ക്കു മേലെ കൂടി  പറമ്പിലേക്ക് ചാടി. 

"ഡോ ... തന്നോട് ഒരുവട്ടം പറഞ്ഞതല്ലേ... തിരിച്ചു പോകാൻ?"

അവൻ അടുത്തേയ്ക്കു വന്നു. കൈയിൽ ഒരു മരപ്പത്തലുണ്ട്. 

"പറഞ്ഞിട്ടും മനസിലായില്ലെങ്കിൽ വേറെ വഴിയുണ്ട്..വേണോ?" 

അവൻ്റെ പരിഹാസം ആ രൂപത്തെ കൂടുതൽ ഭീഭത്സമാക്കി. നന്ദിനിക്ക് മുമ്പിലെത്തിയതും അവൾ തല ചരിച്ചു മുക്രയിട്ടു. മുന്നോട്ടു കുതിച്ചത് പെട്ടെന്നായിരുന്നു. ഗോപാലന് കാര്യം വ്യക്തമാവുന്നതിനു മുൻപ് കമ്യുണിസ്റ്റ് പച്ചയിൽ ചുവപ്പു വീണു. സോമൻ്റെ മകൻ എങ്ങനെയാണ് പറമ്പിൻ്റെ അതിർത്തിക്കപ്പുറത്തേക്ക് എറിയപ്പെട്ടതെന്നു ഗോപാലൻ അത്ഭുതപ്പെടു മ്പോൾ നന്ദിനി സാവധാനം അരികിൽ വന്നു നിന്നു. മറ്റു പശുക്കളാകട്ടെ തങ്ങൾ കാർന്നു തിന്നേണ്ട ഗൗരവമേറിയ ആഭ്യന്തര വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.


കഥ - ജ്യോതിഷ് വെമ്പായം 




Friday, April 26, 2019

ഡിസ്നി ലാന്റ്

ഡിസ്നി ലാൻറ് എന്നു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരിക, ഞങ്ങൾ  ഒൻപത് സുഹൃത്തുക്കൾ പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ  ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന  വീടിനെയാണ്. നെസ്റ്റിൽ പണിയെടുക്കുന്ന കാലമായിരുന്നു അത്. ഞങ്ങൾ അനിമേറ്റർമാരുടെ കുലദൈവമായി കരുതിപ്പോന്നിരുന്ന സാക്ഷാൽ വാൾട്ട് ഡിസ്നിയുടെ സ്മരണ നിലനിർത്തുന്ന വീട്ടു പേരിനൊപ്പം പേയാട് മനോഹരമായി വരച്ച ഗൂഫി ചിത്രവും വീടിന്റെ  പുറം ചുവരിനെ അലങ്കരിച്ചിരുന്നു..  ഞങ്ങൾക്ക് കഥപറയുന്ന വൈകുന്നേരങ്ങൾ ഉണ്ടായിരുന്നു. രാത്രി ഭക്ഷണം ഉണ്ടാക്കി വച്ച് കഴിഞ്ഞാൽ, പിന്നെ നേരംപോക്കിന് കഥകളെയാണ് ആശ്രയിച്ചിരുന്നത്. അന്ന് മൊബൈൽ ഫോണിലേക്ക് കുനിഞ്ഞിരിക്കുന്ന യുഗം ആരംഭിച്ചിരുന്നില്ല. പ്രണയ മഴയും അതിലെ ഇടിമുഴക്കങ്ങളും സ്ഥിര വിഷയമായപ്പോ, ഞങ്ങൾ അതിനു ഒരു കടിഞ്ഞാൺ നൽകി. ഒരു ദിവസം പ്രണയം എങ്കിൽ അടുത്തത് പ്രേത കഥ. അതിനടുത്തത് തമാശ കഥ, പിന്നെ അപ്രതീക്ഷിത സംഭവ കഥ......അങ്ങനെ  രസകരങ്ങളായ ഒട്ടേറെ വൈകുന്നേരങ്ങളെ സൃഷ്ടിച്ചു, ആ കഥകൾ... ! അക്കാലത്തെ എന്റെ ഓർമ്മകൾ ഇപ്പോഴും പച്ച പിടിച്ചു നിൽക്കുകയല്ലെങ്കിലും
ഒരു ഓർമ്മ ചിത്രം പങ്കവയ്ക്കാമെന്ന് തോന്നുന്നു.. നിങ്ങൾക്കും ചിലപ്പോ രസിച്ചേക്കാം. ഈ കഥയിലെ കൂട്ടുകാർക്ക് ഒറിജിനൽ പേരിനേക്കാൾ സ്ഥലപ്പേരാ നല്ലത്, കൂട്ടുകാർ വന്നു കമൻറ് കോളത്തിൽ സ്വയം വെളിപ്പെടും വരെ പേരുകൾ രഹസ്യമായിരിക്കട്ടെ.

അതൊരു ഞായറാഴ്ച ആയിരുന്നു.
ഞാനും പേയാടും (തിരുന്തോരം, പേയാട് ഉള്ള സുഹൃത്ത്) നീലനും (നീലേശ്വരം കാരൻ) ഉൾപ്പെട്ട മൂവർ സംഘത്തിനാണ് അന്നത്തെ അടുക്കള ഭരണം.   വൈകിട്ടത്തെക്കുള്ള ഭക്ഷണമൊരുക്കി വേഗം അടുക്കള കാലിയാക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ശ്രമിച്ച, ചുവന്നു തുടുത്ത ഒരു സായം സന്ധ്യയായിരുന്നു കഥാ പരിസരം.
ഞങ്ങളെ തൊഴിലെടുക്കാൻ വിട്ടിട്ടു  മൂന്നു കണ്ണൂരുകാർ അടുത്ത വീട്ടിലേക്ക് ഏതോ സി ഡി കാണാൻ പോയിരിക്കുകയാണ്. മല്ലപ്പള്ളി, സ്ഥിരം പ്രേതകഥകൾ പറഞ്ഞു ചിരിപ്പിക്കാറുള്ള അടിമാലി, സീരിയസ് കോമേഡിയൻ മി. മൂവാറ്റുപുഴ എന്നിവർ ആഴ്ചാവസാനം പ്രമാണിച്ച് നാട്ടിലേക്ക് പോയ ഒരു കരി ദിനം. അലസമായിക്കിടക്കുന്ന ഡിസ്നിലാന്റിലെ അടുക്കളയിൽ 'Mr. Cook.'എന്ന 10 ലി. കുക്കർ പണിയെടുത്തു ചുവപ്പിച്ചു കൊണ്ടിരിക്കുന്ന സാമ്പാറിൽ, വട്ടത്തിൽ വെട്ടിയിട്ട കാരറ്റ് കണക്കെ സൂര്യൻ വെന്തു പഴുത്തു നിന്ന ഒരു സായം കാലം!..
പണിത്തിരക്കൊഴിഞ്ഞപ്പോ ഞങ്ങൾ സാമ്പാറിനെ ചൂടാറാൻ വിട്ടു പൂമുഖത്തേക്ക്‌ വന്നു. അങ്ങ്  ദൂരെ, മൈതാനത്തിനപ്പുറത്ത് കൊച്ചിൻ യൂണിവെഴ്സിറ്റിയിലേക്ക് ഒരു റോഡു പോകുന്നുണ്ട്. അതിലൂടെ വല്ലപ്പോഴും നടന്നു പോകുന്ന ആൾക്കാരെ അതിസൂക്ഷമായി നോക്കിയാൽ കാണാം. ചതുപ്പ് നിലം നികത്തിയ ഭാഗം ആയത് കൊണ്ടാവും, വീടിനു മുന്നില് നീണ്ടു നിവർന്നു കിടക്കുന്ന മൈതാനത്തിനു നടുവില്  ഒരു കുഞ്ഞൻ അരുവിയും അതിനു കുറുകെ സ്ലാബുകൾ പാകിയ  ഒരു കുഞ്ഞു പാലവും ഉണ്ട്. ഈ പാലത്തിലിരുന്നാണ്  ഞാനും നീലനും കൂടി, പേയാട് പ്രണയ വേദനകൾ അയവിറക്കുമ്പോൾ സഹാനുഭൂതിയുടെ ഗ്രീസിട്ട്‌ കൊടുത്തിരുന്നത്. അവന്റെ വേദനകളും പ്രശ്നങ്ങളും അക്കാലഘട്ടത്തിൽ ഞങ്ങളുടെയും കൂടി പ്രശ്നങ്ങൾ ആയിരുന്നല്ലോ...
എന്നാൽ ഇന്ന് ആ വിഷയം ചർച്ചയ്ക്കെടുത്തില്ല...
എന്ത് കൊണ്ടോ അന്തരീക്ഷത്തിനു ആകെ ഒരു മ്ലാനത. എങ്ങും നിറഞ്ഞ നിർവികാരത.. ചുറ്റും ശ്മശാന മൂകത. ഡിസ്നിലാന്റിലും പരിസര പ്രദേശങ്ങളിലും ഇരുട്ട് വീണു കഴിഞ്ഞു. പെട്ടെന്ന് കറന്റ് പോയി.
അന്തരീക്ഷത്തിന്റെ സപ്പോർട്ട് മുതലാക്കാൻ തീരുമാനിച്ചു ഒരു കഥ പറയാൻ തുടങ്ങി. കഥയെന്നാലെന്താ? പ്രേത കഥ...അതെ അനുഭവമെന്ന പേരില് കെട്ടിച്ചമച്ച കഥകൾ പറയാൻ തുടങ്ങി. പേയാട്  കേട്ടറിഞ്ഞ ഒരു കഥയെ    പൊലിപ്പിച്ചു ഒരു യഥാർത്ഥ സംഭവമാക്കി അവതരിപ്പിക്കുന്നു. നീലന്റെ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി, അവനു ഭയത്തിന്റെ ഉറവപൊട്ടിയിട്ടുണ്ട്. ഇനിയത് ഉരുൾപൊട്ടലാക്കുകയേ വേണ്ടൂ. അറിയാവുന്ന കഥയായതുകൊണ്ട് ഞാനും കഥ പൊലിപ്പിക്കാൻ കൂടി...
പല നാട്ടിലും പല വേർഷനിൽ കേട്ടിരിക്കാൻ സാധ്യതയുള്ള ആ കഥ ഞങ്ങൾ ചില പൊടികൈകൾ ചേർത്ത് ഇങ്ങനെ അവതരിപ്പിച്ചു ..

'സമയം പതിവ് പോലെ അർദ്ധരാത്രി ...എന്തോ അത്യാവശ്യത്തിനു ദൂരേക്ക്‌ ഓട്ടം പോയ ഒരു ഓട്ടോ ഡ്രൈവർ പോത്തൻകോട്  വഴി തിരിച്ചു വരുവാണ്. എവിടെയും വിളക്കുകൾ ഒന്നും കാണുന്നില്ല. സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. ഇനിയുള്ള കുറെ ദൂരം റബർ കാടുകൾ ആണ്..മനുഷ്യവാസം തീരെ കുറഞ്ഞ ഇടം.. ജംഗ്ഷനിൽ ഉണ്ടായിരുന്ന തട്ടുകട ചന്ദ്രൻ, കട അടച്ചു പോയതോടെ ആകാശത്ത് അവശേഷിച്ച ചന്ദ്രൻ എനിക്കൊന്നും കാണാൻ വയ്യേ എന്ന് മട്ടിൽ  മേഘമാലകൾക്കിടയിൽ മറഞ്ഞു കളഞ്ഞു.   ഇരുണ്ട് വിജനമായ റബർതോട്ടമാണ് ആ കാണുന്നത്..... ഓട്ടോയുടെ മുരളലിനപ്പുറം ഒരു കൂമന്റെ മൂളൽ കേള്ക്കുന്നുണ്ടോ?.. അയാൾക്ക്‌ ചെറിയ പേടി തോന്നി..അപ്പോഴാണ്‌ ഓട്ടോയുടെ വെളിച്ചത്തില് ദൂരെ ഒരാള് രൂപം കണ്ടത്. ആദ്യം ഒരു ആളൽ തോന്നിയെങ്കിലും, അതൊരു മനുഷ്യൻ ആയിരുന്നതിനാൽ സമാധാനം തോന്നി. ഒരു സ്ത്രീ കൈ കാണിക്കുകയാണ്. 
ഓട്ടോ നിർത്തി. ആ സ്ത്രീ 'വല്യ ഉപകാരം അടുത്ത ജംഗ്ഷനിൽ ഇറങ്ങിക്കൊള്ളാം' എന്ന് പറഞ്ഞു ഓട്ടോയിൽ കയറി. കേറുമ്പോൾ ഒരു ശബ്ദം കേട്ടെന്ന് തോന്നി.. 'ക്ടക്... ക്ടക്ക്' കുറച്ചു ദൂരം പോയപ്പോഴെയ്ക്കും ആ ശബ്ദം വീണ്ടും കേട്ടു.. അസ്വാഭാവികമായ ഒന്നും കാണാത്തതിനാൽ ഓട്ടോ യാത്ര തുടർന്നു. ഓട്ടോക്കാരൻ ഇടയ്ക്കിടെ പിന്നിലേക്ക്‌  നോക്കുന്നുണ്ട്. ഡ്രൈവർമാർക്കിടയിൽ പ്രേതകഥകൾക്ക് പഞ്ഞമില്ല, അതുകൊണ്ട് വല്ല യക്ഷിയുമാണോ എന്ന് ആദ്യമുണ്ടായ ഭയം, രാത്രിയിൽ യാത്ര ചെയ്യേണ്ടി വന്ന അത്യാവശ്യവും മറ്റും കേട്ടപ്പോൾ മാറി. അടുത്ത ജങ്ഷനിൽ എത്തി അവൾ ഇറങ്ങി കൂലി കൊടുത്തു. എന്നിട്ട് പോകാൻ തിരിഞ്ഞപ്പോൾ അതെ ശബ്ദം വീണ്ടും.. .. 'ക്ടക്ക്‌ ..ടക്ക് ' പെട്ടെന്ന് ഡ്രൈവർ അവളുടെ കാലിലേക്ക് നോക്കി! പാദങ്ങളുടെ സ്ഥാനത്ത് കുതിര കുളമ്പുകൾ! കാലുകൾ കുതിരയുടെത് പോലെ ..  രണ്ടാമതൊന്നുകൂടി നോക്കീല, അയാള് ഓട്ടോയുമായി കുതിച്ചു പാഞ്ഞു..
(ഇപ്പൊ ഞാൻ നീലന്റെ മുഖത്ത് നോക്കി.. അവൻ കണ്ണുകൾ  ദൂരേയ്ക്ക് തുറിച്ചങ്ങനെ ഇരിക്കുവാണ്..)
ഓട്ടോക്കാരൻ വേഗത്തിൽ അടുത്ത ജങ്ഷനിൽ എത്തി. സ്ട്രീറ്റ് ലൈറ്റ്  ഒക്കെയുള്ള വിശാലമായ ജങ്ഷൻ. അയാൾക്ക്‌ കണ്ടത്  സ്വപ്നമോ മിഥ്യയോ എന്ന് സംശയം.. ആരോടെങ്കിലും ഒന്ന് പറയണം.. അപ്പോഴതാ ആ ബസ്റൊപ്പിൽ ഒരാള് ഇരിപ്പിണ്ട്. വണ്ടി നിർത്തി അയാളുടെ അടുത്തേക്ക് ചെന്നു. അതൊരു പാവം മധ്യ വയസ്ക്കൻ ആയിരുന്നു, പുലർച്ചെയുള്ള ബസിൽ എവിടെയ്ക്കോ പോകാനായി വന്ന അയാള് അവിടെ വിശ്രമിക്കുവാണ്..
ഓട്ടോക്കാരൻ ചെന്നപാടെ അയാളുടെ അനുഭവം വിവരിച്ചു. മറ്റെ കക്ഷി അത്ഭുതത്തോടെ കേട്ടിരുന്നു. ഒടുവിൽ കുളമ്പ് കാര്യം കേട്ടതും ചാടി എണീറ്റ്‌ മുണ്ടിന്റെ താഴെഭാഗം നീക്കി  'ഇത് പോലെ ആണോ' എന്ന് ചോദിച്ചു.
ഓട്ടോക്കാരൻ വ്യക്തമായും കണ്ടു, പാദങ്ങൾക്ക്  പകരം രണ്ട് കുളമ്പുകൾ!'...

അതെ നിമിഷത്തിൽ ഒരു അലർച്ച ഞാൻ കേട്ടു..പേയാടൻ ഞെട്ടി എന്നെ നോക്കി. പിന്നെ നടുവിൽ ഇരുന്ന നീലനെ നോക്കി. അവനാണ് അലറിയത്. ഭിത്തിയിലേക്ക് കണ്ണ് തുറിച്ചു വിളറി വെളുത്ത് സ്തബ്ധനായി ഇരിക്കുന്നു...ഞങ്ങൾ അന്തംവിട്ടു. കഥ കേട്ട് പേടിക്കാൻ മാത്രം ഇതിൽ ഒന്നും ഇല്ലല്ലോ? 'ഇല്ലളിയാ, ഞാൻ കണ്ടു..നിങ്ങൾ കഥ പറയുമ്പോൾ ഇവിടെ ആരോ ഉണ്ടായിരുന്നു..ആ നിഴൽ ഞാൻ കണ്ടതാ..' ശബ്ദം തിരിച്ചു കിട്ടിയപ്പോൾ അവൻ പറഞ്ഞു. ഞങ്ങളുടെ ഉള്ളിലും ഒരാന്തൽ ഉണ്ടായി. നിഴലോ? വെളുത്ത ചുവരിൽ ഒരു നിഴലും കാണാനില്ല. മുറ്റത്തിനപ്പുറം മൈതാനം ആണ്. അവിടെയും ആരും ഇല്ല. ഓടി വന്നിട്ട് പോകാൻ മാത്രം ചെറുതല്ല മൈതാനം. എവിടെ നിന്നാലും കാണാൻ പറ്റും. വീടിന്റെ വശങ്ങളിലേക്ക് പോകാൻ ഉള്ള സാധ്യതയും ഞങ്ങൾ പരിശോധിച്ചു. അങ്ങനെ ആരും വന്നിട്ടില്ല എന്ന് ഉറപ്പിച്ചു. പേയാടൻ,  'ഡേയ് നീല, നിനക്ക് തോന്നിയതാവും, കഥ കേട്ട് പേടിച്ചതാവും'.. എന്നൊക്കെ പറഞ്ഞു,. അവൻ സമ്മതിക്കുന്നില്ല. കണ്ടതിൽ തന്നെ ഉറച്ചു നില്ക്കുവാണ്..
അപ്പോഴാണ്‌, കൂട്ടരെ, ഞാനും ആ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്!
നീലൻ കണ്ടപോലെ ഒരാൾ രൂപം...ഒരു വലിയ നിഴൽ ചുവരിലൂടെ കടന്നു പോകുന്നു. കൈകൾ വീശി നടന്നാണ്  പോകുന്നത്. ഞാൻ പേയാടനെയും അത് കാണിച്ചു. ശരിയാണല്ലോ..എന്നാൽ മൈതാനം വിജനം.. നീലൻ അലറി, കണ്ടാ, കണ്ടാ....അത് വീണ്ടും വന്നു...
...........................................
ഇനി അൽപനേരം കുറ്റാന്വേഷണം .. അപസർപ്പക നോവലുകളിലെ കഥാപാത്രങ്ങളായി ഞങ്ങൾ മാറി. ചില്ലറ കണക്കു കൂട്ടലുകൾ. അല്പം അനുമാനം, പിന്നെ വിശകലനം. ഒടുവിൽ ഞങ്ങൾ അത് കണ്ടു പിടിച്ചു. ദൂരെ കൊച്ചിൻ യൂണിവെഴ്സിറ്റിയിലേക്ക് ഒരു റോഡു പോകുന്ന കാര്യം പറഞ്ഞില്ലേ. അതിനരികിൽ താഴ്ന്ന് നിൽക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്.. അതിന്റെ വെളിച്ചം ഞങ്ങളുടെ വിശാലമായ പൂമുഖത്തെ ഭിത്തിയിൽ വീഴുന്നുണ്ട്. മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്ത മറ്റൊരു ഇലക്ട്രിക്ക് ലൈനിലൂടെ വെളിച്ചത്തിന്റെ അനൗപചാരിക സന്ദർശനം. റോഡിനിപ്പുറത്തു കൂടി ആരെങ്കിലും പോയാൽ അവരുടെ നിഴൽ ഒരുപാട് ദൂരം സഞ്ചരിച്ചു ഞങ്ങളുടെ വീടിന്റെ ഭിത്തിയിൽ വലിപ്പത്തിൽ വീഴും. ആൾ വേഗം ചുറ്റുമുള്ള ഇരുട്ടിൽ മറയും. അതുപോലെ നിഴലും  മായും.. ഈ കണ്ടെത്തൽ നീലനു വേണ്ടി ശാസ്ത്രീയമായി ഞങ്ങൾ തെളിയിച്ചു.. പക്ഷേ അതിന് ഒരാൾ ആ ദൂരത്തിലേക്ക് പോകേണ്ടി വന്നെന്നു മാത്രം.  ഒരു നിഴൽ, അതാണ്‌ ഞങ്ങള്ക്കെതിരെ ഭിത്തിക്ക് അഭിമുഖമായിരുന്ന നീലനെ ഭയപ്പെടുത്തിയ ഭീകരൻ! പിന്നെ ഇത് പറഞ്ഞു ഞങ്ങൾ കുറെ ചിരിച്ചു.
ഒരു പക്ഷെ അന്നത് കണ്ടു പിടിക്കാൻ  കഴിഞ്ഞില്ലായിരുന്നെങ്കിൽ...... ഇപ്പോഴും ഒരു ചോദ്യമായ് അല്ലെങ്കിൽ തോന്നലായി ബാക്കി കിടന്നേനെ!
രസകരമായ മറ്റൊരു ഓർമ്മയുമായി വീണ്ടും വരാം..

Tuesday, May 5, 2015

അയൽക്കാരന്റെ ജാലകം


സ്വന്തം ഭാര്യയുടെ സൌന്ദര്യം മനസിലാക്കണമെങ്കിൽ അയൽക്കാരന്റെ ജാലകത്തിലൂടെ നോക്കണമെന്ന ആപ്തവാക്യം മനസിലോർത്തു ഞാൻ എന്റെ ഭാര്യയുടെ സൌന്ദര്യം അളക്കാൻ അയൽപക്കത്തെ ദിനേശന്റെ വീട്ടിലേക്കു ചെന്നു. പരിഭ്രമത്തോടെ ദിനേശൻ ജനാല ചോട്ടിലെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു മാറി നിന്നു. ഞാൻ അല്പം തുറന്ന ജനാലയിലൂടെ എന്റെ വീട്ടിലേക്കു നോക്കി. അപ്പോഴും കണ്ടത് പഴേ ഭാര്യയെ തന്നെ! ഒരു മാറ്റവും ഇല്ല. പക്ഷെ ദിനേശന്റെ ഭാര്യയെ അത്ര അടുത്ത് കണ്ടപ്പോൾ പതിവിലേറെ സുന്ദരിയായി തോന്നുകയും ചെയ്തു!....

Friday, September 5, 2014

ട്രാഫിക്‌

രാജ്യ തലസ്ഥാനത്തെ നഗരങ്ങളിൽ നടന്ന ട്രാഫിക്‌ നിയമ ലംഘനങ്ങളുടെ വീഡിയോ ഇന്ത്യ ടിവി യിൽ. ഇങ്ങനെയും നടക്കുന്നുണ്ടെന്ന് അതിശയത്തോടെ ചാനലുകൾ! ദിവസവും 377 പേര് രാജ്യത്ത് ആകമാനം കൊല്ലപ്പെടുന്നുണ്ടെന്നും 1356 പേര് പരിക്കെല്ക്കപ്പെടുന്നു എന്നും കണക്കുകൾ എഴുതി തിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. അത് വേണ്ടതാണ്, നമ്മൾ ഇക്കാര്യത്തിലെങ്കിലും പിന്നിലായിപ്പോവരുതല്ലോ. കേന്ത്ര മന്ത്രി ആവാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്ത് പ്രധനപ്പെട്ടവർ തന്നെയല്ലേ നിരത്തിൽ ഉരഞ്ഞു തീരുന്ന 377 പേരും ? അവരവരുടെ കുടുംബങ്ങൾക്കെങ്കിലും.

Monday, June 2, 2014

നവ നാഡികൾ




ആ വീട്ടിലേക്കു കയറിചെല്ലുമ്പോൾ  ഞങ്ങളെല്ലാവരും ജഗരൂകരായിരുന്നു.

വിരസമായതും മരവിച്ചതുമായ  അന്തരീക്ഷത്തിൽ കോണിചുവട്ടിലെ ഇരുട്ടിൽ ഒരു ചെറുപ്പക്കാരനെ മൃത പ്രായമായ നിലയില കണ്ടു. അവന്റെ ചെവികൾ കാര്ന്നു തിന്നുകൊണ്ടിരുന്ന മൊബൈൽ ഫോണ്‍ ഞങ്ങളെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ നിര്ബാധം തീറ്റ  തുടർന്നു. ഇനി അവന്റെ ശിരസ്സിലെ അവസാന തുള്ളിയും ഊറ്റി യെടുത്താലെ  അത് പിടി വിടുകയുള്ളൂ എന്ന് അറിയാവുന്ന ഞങ്ങൾ പ്രതിരോധിക്കാൻ സന്നാഹമൊരുക്കി.
ആ വീടിനുള്ളില് പരസ്പരമറിയാതെ ജീവിക്കുകയായിരുന്ന, ഞങ്ങൾ കണ്ടെത്തിയ 12 പേരെയും രക്ഷിക്കുക അത്ര  എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും, ചെവികൽക്കുള്ളിലൂടെ വയറിംഗ്  ചെയ്തു  രക്തമൂറ്റിക്കുടിച്ചു കൊണ്ടിരുന്ന ഫോണുകളെ മാറ്റുന്ന ജോലി. അവ പലപ്പോഴും ഞങ്ങൾക്ക് നോരെ ചീറി വന്നു. ഇളക്കി മാറ്റിയ നാഡികൾ ഫണം വിടര്ത്തി ആടി. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ ഓംകാര മന്ത്രങ്ങൾ ഉരുവിട്ടു. കുരിശു കാട്ടി. ഹന്നാൻ വെള്ളം തളിച്ചു. ഉറുക്കും നൂലും ജപിച്ചു കെട്ടി. അവയെ നിയന്ത്രിച്ചു. ഒരാള് ഒന്നിനെ നിലത്തേക്കു തള്ളിയിട്ടു ചുറ്റിക കൊണ്ട് അടിച്ചു ചതച്ചു. സിം കാര്ഡുകളും മെമ്മോറി കാര്ഡുകളും നിര്ജീവമായ ശരീരം വിട്ടു ചിതറിയോടി. ഞങ്ങൾ അവയെ തിരഞ്ഞു പിടിച്ചു ജീവനോടെ ദഹിപ്പിച്ചു.

സ്ഫോടന ശബ്ദം കേട്ടിട്ടാണോ എന്തോ ചില ചെറുപ്പക്കാരെങ്കിലും മയക്കം വിട്ടു നമ്മുടെ  ലോകത്തിലേക്ക്‌  മടങ്ങി വന്ന് അപരിചിതട്രെ പ്പോലെ പകച്ചു നിന്നു. മറ്റുള്ളവർ ഒരിക്കലും മടക്കി വിളിക്കാനാവാത്ത വിധം നിശ്ചെഷ്ടരായിരുന്നു.

ഞങ്ങൾ അടുത്ത കെട്ടിടത്തിലേക്ക് നീങ്ങി.

-------------------------ജ്യോതിഷ്  (അനുഭവവും അല്പം ഭാവനയും)

Monday, February 10, 2014

അവൻ

എല്ലാവരെയും തോല്പ്പിച്ചു; കീഴടങ്ങാൻ കൂട്ടാക്കാതെ നിന്നത് അവൻ മാത്രമായിരുന്നു. അവളുടെ ഹൃദയത്തിലെ അവൻ!

Monday, October 28, 2013

പ്രണയം

പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
 പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി.  എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന്  ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!