Monday, October 28, 2013

പ്രണയം

പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
 പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി.  എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന്  ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!

Saturday, October 26, 2013

ഹെൽമറ്റ്

2014 ആകുമ്പോഴേയ്ക്കും സമ്പൂർണ ഹെൽമറ്റ്  സംസ്ഥാനമാവും കേരളം. നന്ദിയുണ്ട് , സർ. പക്ഷെ,  നട്ടെല്ല് തകർന്ന, ഇരുചക്ര വാഹന യാത്രക്കാരുടെ ഒരു നിര കൂടിയുണ്ടാവും നമ്മുടെ ആശുപത്രികളിൽ. യാത്രക്കാരുടെ സുരക്ഷിതത്വം ആണ് പ്രധാനമെങ്കിൽ, കാൽനട പോലും അസാദ്ധ്യമായ കേരളത്തിലെ റോഡുകളിൽ ഗതാഗതം നിരോധിക്കുക അല്ലെ വേണ്ടത്? ടാർ കണ്ടുപിടിക്കാൻ കഴിയാത്ത റോഡുകളിൽ വാഴ നടുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു പുതിയ കാർഷിക കേരളത്തിന്‌ ജന്മം നല്കാമല്ലോ...

തണലും നിഴലും

തണലും നിഴലും വാസ്തവത്തിൽ എന്താണ്? രണ്ടിനും ഒരേ രൂപമാണ്, ഇരുട്ടിന്റെ. പക്ഷെ പല അവസരങ്ങളിലും തണൽ  പോസിറ്റീവും നിഴൽ നെഗറ്റീവും ആകുന്നു. എന്താവും കാരണം? തണലിൽ നമ്മൾ വിശ്വാസമർപ്പിക്കുന്നു. കാരണം അത് ആശ്രയമാണ്, ആശ്വാസമാണ് അല്ലെങ്കിൽ പ്രതീക്ഷയുടെ അവസാനത്തെ വാക്കാണ്‌. ഏതെങ്കിലും അവസരത്തിൽ, ഒരു തണൽ ആഗ്രഹിക്കാത്ത ആരും ഉണ്ടാവുകയില്ല.
നിഴലാകട്ടെ, വെറുമൊരു പ്രതിരൂപമാണ്. എതിടങ്ങളിലും പിന്തുടരുന്നവനാണ്.  വെറുമൊരു നിഴലായി ഒതുങ്ങി എന്ന് സാഹിത്യ രൂപം. വാസ്തവത്തിൽ നിഴൽ അല്ലെ ഈ തണൽ?

---------------------------------------------------------------------------------------------------------------
നിഴലിലിരുന്നു ആരോ ചോദിക്കുന്നു, ' വട്ടായോ?'

Friday, October 18, 2013

മുടിയും താടിയും

നവ യവ്വന മുകുളങ്ങളായ ചെറുപ്പക്കാരോട് എല്ലാക്കാലത്തും  മുതിർന്നവർക്ക് പറയാനുള്ളതെന്ത്?
''പോയി മുടിയും താടിയും കളഞ്ഞു കുളിച്ചിട്ടു വാടാ..'' എന്നായിരിക്കില്ലേ?
കട്ടകെട്ടിയ മുടിയും അങ്ങിങ്ങ് ചിതറി നില്ക്കുന്ന താടിരോമങ്ങളും മുതിര്ന്നവരെ കൊഞ്ഞനം കുത്തിക്കാണിക്കുമോ!