Saturday, July 6, 2013

തത്വ ചിന്ത...

ഒരു ദിവസം കുളിക്കടവില്‍ ഒരു പ്രാണപ്രിയന്‍റെ കൈയില്‍ നിന്നും നറുമണം ചൊരിയുന്ന ഒരു ചെളിക്കട്ട എന്‍റെ കൈയില്‍ തടഞ്ഞു. ഞാന്‍ അത്ഭുതം കൂറി. " നീ കസ്തൂരിയാണോ അതോ മീനമ്പറാണോ? നീ ചൊരിയുന്ന സുഗന്ധം എന്നെ ലഹരി പിടിപ്പിക്കുന്നു.!" അത് പ്രതിവചിച്ചു. " ഏതാനും നിമിഷം പനിനീര്‍ പൂവുമായി  സഹവസിച്ചു എന്നതൊഴിച്ചാല്‍, ഞാന്‍ ഹീനമായ ഒരു ചെളിക്കട്ടയായിരുന്നു. എന്‍റെ മിത്രത്തിന്‍റെ തികവ് എന്നെയും സ്വാധീനിച്ചു. ഇല്ലെങ്കില്‍ ഇന്നും ഞാന്‍ പഴയ അതെ ചെളിക്കട്ട തന്നെ ആയിരിക്കും; ഹാ!"

സൗഹൃദത്തിന്റെ സ്വാധീനം, ഒരാളില്‍ എത്രമാത്രം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ  മികച്ച ഒരു ഉദാഹരണമായി ഈ വരികള്‍ എഴുതിയത് പേര്‍ഷ്യന്‍ എഴുത്തുകാരനായ സഅദി  ആണ്.  ഈ സൂഫിസത്തെപ്പറ്റി എനിക്ക് കാര്യമായി ഒന്നും അറിയില്ലെങ്കിലും സ അദി യുടെ ഗുലിസ്താന്‍ നന്നേ ഇഷ്ടപ്പെട്ടു. പ്രിയ സുഹൃത്ത് ഷനില്‍, മറ്റാരില്‍ നിന്നോ വായ്പയെടുത്ത ഗുലിസ്താന്റെ മലയാള പരിഭാഷ,  വായിക്കാന്‍ എനിക്ക് വച്ചുനീട്ടുമ്പോള്‍, തത്ത്വങ്ങളുടെയും ചിന്തകളുടെയും ഒരു മഹാ സാഗരമാണെന്നു കരുതിയിരുന്നില്ല. . രണ്ടാമതൊരിക്കല്‍ കൂടി വായിക്കുവാന്‍ ഈ പുസ്തകത്തെ അന്വേഷിച്ചു നടന്നുവെങ്കിലും കിട്ടിയില്ല. പ്രസിദ്ധീകരണം നിലച്ച ഒരു കൃതി ആയിരുന്നു അതെന്നു സുഹൃത്ത് പറഞ്ഞിരുന്നു. (ഇത്  കൈവശമുള്ളവരുണ്ടോ? ദയവായി അറിയിക്കുക) അല്പം തത്വചിന്തയൊക്കെ ആവാം എന്ന് കരുതിയ ഏതോ നേരത്ത്, ഭദ്രമായി ഒരു നോടുബുക്കിലേക്ക് കോറിയിട്ടതാണ്‌ ഈ വരികള്‍.. ഇതിപ്പോ കിട്ടാനുള്ള കാരണവും ഒരു തത്വ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്‍റെ തത്വചിന്തയുടെ ആകെത്തുകയായ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്ന  പഴയ ഒരു കടലാസ് കഷണം  തേടിപ്പോയതാണ്.  അലമാര ഒന്നാകെ പരതി നടക്കുംബോഴുണ്ട്, ഒരു പഴയ ഡയറി തലപ്പ്‌ കൈയില്‍ തടഞ്ഞുനിലത്തു വീണു. വലരെക്കാലത്തേക്ക് ഈ ഡയറി എന്‍റെ കണ്ണില്‍പ്പെട്ടിരുന്നില്ല. കൊള്ളാല്ലോ സാധനം ന്നു നോക്കുമ്പോഴുണ്ട്‌ ആദ്യത്തെ പേജില്‍ തന്നെ മേല്‍ ഉദ്ധരിച്ച വരികള്‍ നീണ്ട് നിവര്‍ന്നു കിടക്കുന്നു. സര്‍ട്ടിഫിക്കറ്റ് കൊണ്ടുള്ള ആവശ്യം പിന്നീടത്തേക്ക്  മാറ്റിവച്ചു ഇതിനെ മുഴുവനായി വായിക്കാം എന്ന് തീരുമാനിച്ചു. അത് നന്നായി എന്ന് പിന്നീട്  തോന്നി, തത്വ ചിന്ത പോയിട്ട്, പലചരക്കു കടയിലെ കണക്കു പോലും ഇപ്പൊ മനസ്സിൽ തങ്ങാറില്ല. അങ്ങനെ വായിക്കുമ്പോൾ അതാ ചില ഓർമപ്പെടുത്തലുകൾ!

" നാവു മുറിക്കപ്പെട്ടവനെപ്പോലെ മൂകനും ബാധിരനുമായി ഒരു മൂലക്കിരിക്കുന്നവനാണ്, തന്‍റെ നാവിനു മേല്‍ ഒരു നിയന്ത്രണവുമില്ലാത്തവനെക്കാള്‍ ഉത്തമന്‍."

" അല്ലയോ ബുദ്ധിമാന്‍, വായിലെക്കുള്ള ഈ നാവു എന്താണ്?
അത് ഒരു സമര്‍ഥന്‍റെ  നിധിശേഖരത്തിലെക്കുള്ള കവാടത്തിന്റെ താക്കോല്‍ ആണ്"

"വാതിലടച്ചിരുന്നാല്‍ എങ്ങനെയാണ് അറിയുക, അയാള്‍ വഴിവാണിഭക്കരനാണോ അതോ രത്നവ്യപാരിയാണോ എന്ന്?"

" സംസാര ശേഷികൊണ്ട് മനുഷ്യനാണ് മൃഗത്തെക്കള്‍ നല്ലത്: എന്നാല്‍ നീ അനുയോജ്യമായി സംസാരിക്കുന്നില്ലെങ്കില്‍ മൃഗമാണ്‌ നല്ലത്".

"അഗ്നിയുടെ ആരാധകന്‍ 100 വര്‍ഷം അഗ്നികൂട്ടട്ടെ, എന്നാലും ഒരു നിമിഷം അയാളതില്‍ പെട്ടാല്‍ കരിഞ്ഞു പോകും".

" ക്ഷമ കയ്പ്പുള്ളതാണെങ്കിലും ശരി, ഒരു മധുരഫലം തരിക തന്നെ ചെയ്യും".

"ശരങ്ങള്‍ വില്ലില്‍ നിന്നാണ് വരുന്നതെങ്കിലും ബുദ്ധിമാന്‍ വില്ലാളിയെ ആണ് ഉന്നം വയ്ക്കുക".

"ദുശ്ശീലക്കാരനായ ഒരാള്‍ മറ്റൊരാളെ ചീത്ത പറഞ്ഞു. അയാള്‍ അത് ക്ഷമിച്ചു കൊണ്ട് പറഞ്ഞു; അല്ലയോ സന്തുഷ്ടനായ മനുഷ്യാ, നിങ്ങള്ക്ക് എന്നെക്കുറിച്ച് പറയാന്‍ കഴിയുന്നതിലുമാധികം ചീത്തയാണ്‌ വാസ്തവത്തില്‍  ഞാന്‍. എന്‍റെ നുനതകളെ ക്കുറിച്ച് ബോധവാനുമാണ് ഞാന്‍".  

അവസാനിക്കുന്നില്ല..ചിന്തകള്ക്ക് എന്ത് അവസാനം!

എനിക്കും നിനക്കുമിടയിൽ ഞാനും നീയും മാത്രം!

എനിക്കും നിനക്കുമിടയിൽ ഞാനും നീയും മാത്രം!