Tuesday, September 7, 2010

അസ്തമിക്കാത്ത ആകാശം

14 ജൂണ്‍ 2010
മാഞ്ചസ്റ്റർ, ബ്രിട്ടണ്‍.




ഇവിടെ എന്നെ ഏറ്റവും അമ്പരപ്പിക്കുന്നത് ആകാശമാണ്.
രാത്രി എന്നു പറയാമോ എന്നു അറിയില്ല, 10 മണി കഴിയുമ്പോഴും ഇരുട്ട് അകന്നു നില്‍ക്കുന്നത് എന്നെപ്പോലെ സന്ധ്യയ്ക്ക് -ആറര മണിക്ക്- ദീപാരാധന തൊഴുതു പോന്നിരുന്ന ഒരാളെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയല്ലെങ്കില്‍ പിന്നെന്താണ്?
സായിപ്പിന്‍റെ നാടാണ്. ഒരു കാലത്ത് ചുവന്ന കോട്ടും വെള്ള പാന്റും തുകല്‍ കാലുറയും നെഞ്ചില്‍ വിലങ്ങനെ വലിച്ച വെള്ള ബെല്‍റ്റും തൊപ്പിയുമായി നാട് ഭരിക്കാന്‍ വന്ന വെള്ളക്കാരുടെ സ്വന്തം നാട്! ഒരല്പം അഭിമാനം തോന്നുന്നുണ്ട്, അവര്‍ക്കൊപ്പം നിന്നു ജോലി ചെയ്യുമ്പോള്‍. അവര്‍ നമുക്ക് വേണ്ടി ഒരല്പ സമയം കാത്തു നില്‍ക്കുമ്പോഴോ ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടുമ്പോഴോ ഉപചാരപൂര്‍വ്വം വഴി മാറി തരുമ്പോഴോ ഉള്ളില്‍ ആ പഴയ വിപ്ലവ ഗാനങ്ങള്‍ മുഴങ്ങും, ഒച്ച കേള്‍പ്പിക്കാതെ ഞാന്‍ ചിരിക്കും.

പറഞ്ഞു വന്നത് സമയത്തെ ക്കുറിച്ചാണ്. ഒരു ധാരണയ്ക്കും വഴിപ്പെടാതെ അതങ്ങനെ പോകും. ഞാന്‍ ഭക്ഷണം കഴിക്കാന്‍ റിമൈന്റര്‍ സെറ്റ് ചെയ്തു വയ്ക്കുന്നത് കൊണ്ട് അത്താഴം മുടങ്ങാറില്ല. എന്ത് കൊണ്ടാണ് ഇത് സൂര്യന്‍ അസ്തമിക്കാത്ത നാടായി മാറിയത്? പുലരി വെട്ടം കണ്ണില്‍ തൊടുമ്പോള്‍ മിക്കവാറും നാലു മണി കഴിയുന്നെയുണ്ടാവൂ. രാത്രികള്‍ക്ക് ദൈര്‍ഘ്യം നന്നേ കുറവ്. പകലിന്‍റെ നീളം മുഴുവന്‍ ഓടിത്തളര്‍ന്നു കിടയ്ക്കയെ പ്രാപിക്കുമ്പോള്‍ അടുത്ത പകലിന്‍റെ പാദസ്വനം കേള്‍ക്കാം.

    പൂക്കളും മഞ്ഞും മഴവില്ലിന്‍റെ വര്‍ണ തലപ്പുകളുള്ള മരങ്ങളും നീലക്കണ്ണുള്ള മനുഷ്യരും എനിക്ക് പരിചിതരായിക്കഴിഞ്ഞു. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കെട്ടിടങ്ങളും സിഗ്നല്‍ കിട്ടാന്‍ കാത്തു മുഷിയുന്ന ഡ്രൈവര്‍ മാരെയും റോഡ്‌ മുറിച്ചു കടക്കാന്‍ ബട്ടണ്‍ ഞെക്കി നില്ക്കുന്ന ന്നരച്ചതോ മഞ്ഞച്ചതോ ആയ തലകളും കടന്നാണ് ഞാന്‍ എന്നും ഓഫീസില്‍ പോകുന്നത്. ചിലപ്പോള്‍ തോന്നും, ഈ സമയം തെറ്റി പായുന്ന ആകാശത്തിന് കീഴില്‍, എല്ലാവരും ഒരുപോലെ ആണെന്ന്...കണ്ടവരെ  ആണ് വീണ്ടും കാണുന്നത് എന്നു തോന്നിപ്പോകും.



കുട്ടികളെക്കാള്‍ പട്ടികളെ സ്നേഹിക്കരുത് എന്നു പറയാന്‍ പാടുണ്ടോ? എനിക്കറിയില്ല. പക്ഷെ, പട്ടികളെ കൊണ്ട് പോകും പോലെ സ്വന്തം കുഞ്ഞിനെ മടിയിലിരുത്തിയാണ് യാത്രയെന്ന് കരുതിയാല്‍ തെറ്റി. കുട്ടിക്ക് ഇരിക്കാന്‍ പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ട കൂടയുണ്ട്.കാറിനുള്ളിലാവട്ടെ വീടിനുള്ളിലാവട്ടെ, പൂന്തോട്ടത്തിലാവട്ടെ അവന്‍ അല്ലെങ്കില്‍ അവള്‍ സന്തോഷമായി ഇരുന്നു കൊള്ളും. നായ്ക്കുട്ടികള്‍ സുഖമായി അമ്മയുടെ ചാരത്തു ചാഞ്ഞു നിര്‍വൃത്തിയോടെ ഉറങ്ങും. കുഞ്ഞിനെപ്പോലെ അവര്‍ക്കും ഇതൊക്കെ ശീലമാണ്.



ഓടിക്കളിക്കാന്‍ കുട്ടിക്കുണ്ടയെക്കാവുന്ന ആഗ്രഹം അമ്മമാര്‍ മനസിലാക്കില്ലെന്നാണോ? നെഞ്ചിലൂടെ ഇട്ട രണ്ടു ബെല്ടിന്മേല്‍ പിടിച്ചു കുഞ്ഞു കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു. കുട്ടി മുന്നോട്ടു ചാടുന്നുണ്ട്. ആ ബെല്‍റ്റ്‌ എന്നെ മറ്റൊരു കാഴ്ച്ചയെ ഓര്‍മിപ്പിച്ചു.



തങ്ങളുടെ ഓമനകളായ നായ്ക്കുട്ടികളെയും കൊണ്ടുള്ള സവാരി നമ്മുടെ നാട്ടിലും ശീലമായിത്തുടങ്ങിയിട്ടുണ്ടല്ലോ. അതിവിടെ പരിചിതമായ കാഴ്ചയാണ്. ഏറ്റവും ഭീകരനായ ഒരു നായയെ അടുത്ത് കാണാനുള്ള അവസരം കൈവന്നത് ഇന്നലെ വൈകീട്ട് ഷോപ്പിംഗ്‌ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ആണ്. എനിക്കെതിരെ വന്ന മനുഷ്യന്‍ കൈയിലെ ചരട് ഒരു വശത്തേക്ക് വെട്ടിച്ചു ആ ആപാദരോമചൂഡനായ നായയും കൊണ്ട് പോയി. അയാള്‍ അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ പോലും അത് എന്നെ കടിക്കുകയില്ലായിരുന്നു. ഇവിടെ പട്ടികളെ കടിക്കാനല്ല വളര്‍ത്തുന്നതെന്ന് ആരോ പറഞ്ഞു ഞാനറിഞ്ഞിരുന്നു. പാര്‍ക്കുകളില്‍, ജനത്തിരക്കേറിയ നടപാതയില്‍, ഷോപ്പിംഗ്‌ സെന്‍റെര്‍-നു മുന്‍പിലെ സ്റ്റീല്‍ കുറ്റികളില്‍ ബന്ധസ്ഥരായി, ഒക്കെ ഞാന്‍ അവറ്റകളെ കണ്ടു. അവയ്ക്കും ഈ ആകാശത്തിന് ചോട്ടില്‍ ഒരേ മുഖമാണെന്ന് തോന്നി.



വസന്തകാലമത്രേ, ഏറ്റവും മനോഹരമായ ഋതു. സ്പ്രിംഗ് സീസണിന്റെ തുടക്കകാലമാണ് ഇവിടെ. അത് കൊണ്ട് തന്നെ തണുപ്പിന്‍റെ കാഠിന്യം വളരെ കുറവാണ്. ചിലപ്പോള്‍ നമ്മുടെ നവംബര്‍ മാസത്തെ ഓര്‍മിപ്പിക്കുന്ന അവസ്ഥയിലേക്ക് താണ്‌ വരികയും ചെയ്യും.രസകരമായ കാര്യം, ഈ സമയത്തെ കാത്തിരുന്ന പോലെ ജനങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുകളിലും ബീച്ചുകളിലും ഒക്കെ നിറയും, അവരവരുടെ ഇഷ്ട വിനോദങ്ങളുമായി.
വെയിലിന്റെ ഒരു തുണ്ട് കിട്ടിയാല്‍ അവര്‍ വസ്ത്രങ്ങളുടെ കെട്ടു പാടുകളില്‍ നിന്നു സ്വതന്ത്രരാവും. എന്ത് കൊണ്ടാണിങ്ങനെ എന്നു മനസിലാക്കണമെങ്കില്‍, മഞ്ഞുകാലത്തും മഴക്കാലത്തും ഉള്ള കഠിനമായ തണുപ്പില്‍, കമ്പിളി വസ്ത്രങ്ങളാലും തുകല്‍ ചെരുപ്പുകലാലും ശരീരം പൊതിഞ്ഞു കഴിച്ചു കൂട്ടേണ്ടി വരുന്ന അവസ്ഥയും കൂടി കാണണം.


പ്രിയപ്പെട്ടവരോട് ഒരു മറയും കൂടാതെ സ്നേഹം പങ്കുവച്ചും കുഞ്ഞുങ്ങളോട് കളിച്ചും ചിരിച്ചും ചിലര്‍ സമയം പങ്കിടുമ്പോള്‍ മറ്റു ചിലര്‍ ദുര്‍ഘടമോ സങ്കീര്‍ണമോ ആയ കളികളോടാണ് താല്പര്യം കാണിക്കുക. നിര്‍ലോഭമായി പൂക്കള്‍ ചൊരിഞ്ഞു നില്‍ക്കുന്ന മരങ്ങളും, ചെടികളും നാട് വിട്ടു നില്‍ക്കുന്ന ഒരാളിന്റെ മനസിലെ വ്യാകുലതകളെ ഒരല്പ നേരത്തെക്കെങ്കിലും മായ്ച്ചു കളയാന്‍ അവസരമൊരുക്കും, തീര്‍ച്ച. ഏതു പുല്ചെടിയിലും കാണാം ഒരു പൂവിന്റെ തുണ്ട്, ഒരു മഞ്ഞിന്‍ കണം...


കാര്‍ഡുകള്‍.
അതാണ്‌ ഈ കാലഘട്ടത്തിന്‍റെ സവിശേഷത. എന്തിനും ഏതിനും കാര്‍ഡുകള്‍ ആണ്.തിരിച്ചറിയല്‍ കാര്‍ഡില്‍ തുടങ്ങി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍, ക്രെഡിറ്റ്‌ ആന്‍ഡ്‌ ഡെബിറ്റ് കാര്‍ഡുകള്‍, ഷോപ്പിംഗ്‌ കാര്‍ഡുകള്‍, പെടോള്‍ കാര്‍ഡുകള്‍ എന്നിങ്ങനെ എല്ലാറ്റിനും കാര്‍ഡുകള്‍ നമുക്ക് വേണ്ടി ആശയവിനിമയം നടത്തുന്നു, സമയത്തെ ലാഭിപ്പിക്കുന്നു. ഇവിടെ സ്ഥിതി കുറച്ചുകൂടി ആധുനികമാണ്. ആരും കാശ് കൈയില്‍ കൊണ്ട് നടക്കാറില്ല. പൌണ്ട് ആദ്യമായി കണ്ട പോലെ ഒരു ഞെട്ടല്‍ ഞാന്‍ കണ്ടത് പോസ്റ്റ്‌ ഓഫീസിലെ കാഷ്യറുടെ മുഖത്താണ്. ഞാന്‍ ആദ്യമായി ഇവിടെ കാലുകുത്തിയ ദിവസം തന്നെ കൈയിലുള്ള 50 പൌണ്ട് നോട്ട് ചില്ലറയാക്കാനുള്ള ശ്രമം നടത്തിയതാണ്. ആ സ്ത്രീ എന്നെ അത്ഭുതത്തോടെ നോക്കി ഇല്ല എന്നു ചുണ്ടനക്കി. കൂടെ ക്ഷമാപണവും. പണം ചില്ലറയുടെ രൂപത്തിലാകാന്‍ പിന്നെയും രണ്ടു മൂന്നു ബാങ്കുകളില്‍ കൂടി കയറിയിറങ്ങേണ്ടി വന്നു. എന്‍റെ ആതിഥേയനും സംഘ തലവനുമായ ഇംഗ്ലീഷുകാരന്‍ സുഹൃത്ത് ക്ഷമയോടെ കൂടെ വന്നു ബാങ്കുകള്‍ കാട്ടി തന്നു. പിന്നീട് എന്‍റെ ട്രാവലേര്‍സ് ചെക്കുകള്‍ മാറുമ്പോള്‍ വലിയ നോട്ടുകളായിപ്പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അങ്ങ് ദൂരെ ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ പണത്തിന്റെ മൂല്യം വ്യത്യസ്തമാനെങ്ങിലും ഇവിടെ പണത്തേക്കാള്‍ മൂല്യം കല്പിക്കുന്ന മറ്റൊന്നുണ്ട്, മര്യാദ.

യാത്ര എവിടെ ആയാലും രസകരമായ അനുഭവമായിരിക്കും. പ്രത്യേകിച്ച് കാണാത്ത മേടുകള്‍ തേടി, അപ്രതീക്ഷിത വിരുന്നൊരുക്കി കാത്തിരിക്കുന്ന പ്രകൃതിയിലൂടെയുള്ള യാത്ര. യാത്രകളെ മിക്കവാറും എല്ലാപേരും ഇഷ്ടപ്പെടുന്നതിന് കാരണവും മറ്റൊന്നാവില്ല. പക്ഷെ, തിരക്കും, വിയര്‍പ്പും ഉയര്‍ന്ന ഊഷ്മാവും യാത്രയുംടെ രസം കെടുത്തും. മഴയായാലും അങ്ങനെ തന്നെ. നമ്മുടെ നാട്ടിലെ ബസിലെയും ട്രെയിനിലെയും യാത്രകള്‍ മടുപ്പുളവാക്കുന്നത് അങ്ങനെയാണ്.പിന്നെയുമുണ്ട് കാരണങ്ങള്‍. റോഡ്‌, ട്രാഫിക്‌, വാഹനത്തിന്‍റെ പഴക്കം, ശബ്ദം, പുക എല്ലാം തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ യാത്രകള്‍ മടുപ്പുളവാക്കുന്നില്ല..ഒരു പക്ഷെ നാട്ടില്‍ നമ്മള്‍ കൊടുക്കുന്നതിന്‍റെ പത്തോ ഇരുപതോ ഇരട്ടിയായിരിക്കും ഒരു കിലോമീറ്റെര്‍ സഞ്ചരിക്കാന്‍ കൊടുക്കേണ്ടി വരുന്നത്. എങ്കിലും ഇവിടത്തെ ജനജീവിതം സുഗമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കാതെ വയ്യ. ജനങ്ങളെ അവര്‍ അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവും പരിഗണനയും കൊടുക്കുന്നു എന്നത് വെറും നിസ്സാര കാര്യമാണോ?
അവരുടെ വിദ്യാഭ്യാസത്തിലും( ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സ്റ്റേറ്റ് സ്കൂളുകളെ ആണെന്നത് ശ്രദ്ധിക്കുക.) ആരോഗ്യകാര്യത്തിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുന്ടെന്നത് വ്യക്തമാണ്. അതുപോലെ തന്നെ നിയമ പരിപാലനം , ഗതാഗതം, വാണിജ്യം ഇവയെല്ലാം കാര്യക്ഷമാമായിതന്നെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു. ഇതേ നാട്ടിലെ നിയമ സംഹിത കളോട് ഒപ്പം നില്‍ക്കുന്നതാണല്ലോ നമ്മുടെ ഭരണഘടനയും. എല്ലാം കാണുന്ന അദൃശ്യ ക്യാമറക്കണ്ണുകളെ ഭയപ്പെടുന്നത് കൊണ്ടായിരിക്കുമോ എന്തോ ഇവിടെ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നത് കണ്ടു ഞാന്‍ ശരിക്കും അമ്പരന്നു പോയി!
വളരെ കുറച്ചു കമ്പാര്‍ട് മെന്റുകള്‍ ആണ് ട്രെയിനുകള്‍ക്ക്. നാട്ടിലെ പോലെ ആണ്ടില്‍ ഒരിക്കല്‍ അല്ല, ഓരോ പത്തോ ഇരുപതോ മിനിട്ടുകളില്‍ ട്രെയിന്‍ കിട്ടും. ഉദ്ദേശിക്കുന്ന ദിശയിലേക്കു ചിലപ്പോള്‍ രണ്ടു മൂന്നു ട്രെയിന്‍ കയറേണ്ടി വന്നേക്കാം. ഉരുക്ക് പാളങ്ങള്‍ക്ക് പക്ഷെ ദേശഭേദമില്ല. സായിപ്പ് പണിഞ്ഞു വച്ച പോലെ തന്നെ നമ്മള്‍ അത് കാത്തു സൂക്ഷിച്ചിട്ടുണ്ട്.
ഇവിടെ ട്രെയിന്‍ അടിമുടി പുതുമ നിറഞ്ഞതാണ്‌. ഉള്ളിലേക്ക് കയറിയപ്പോള്‍ ഏതോ സ്വീകരണമുറിയിലേക്ക് ആനയിക്കപ്പെട്ട പോലെ ഞാന്‍ ആശ്ചര്യപ്പെട്ടു. പിന്നെ ഓണ്‍ലൈനില്‍ എനിക്കായി റിസര്‍വ് ചെയ്ത വെടിപ്പുള്ള കുഷ്യന്‍ കസേരയില്‍ ചെന്നിരുന്നു. മുന്നില്‍ ഒരു ചെറിയ തീന്‍ മേശ. പ്രാതല്‍ വേണമെങ്കില്‍ ആകാം. ഉന്തു വണ്ടിയില്‍ ഭക്ഷണവും ദ്രാവകങ്ങള്‍ നിറച്ച പാത്രങ്ങളും ടിന്നുകളുമായി ഒരാള്‍ നിശ്ശബ്ദനായി കടന്നുപോയി. ഞാനപ്പോള്‍ 'കാപ്പീ...ചായാ' വിളികള്‍ മനസിലോര്‍ത്തു. അടുത്തിരുന്ന ഇന്ത്യന്‍ സുഹൃത്തിനോട് പറയുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ നമ്മുടെ 'ഘട ഘട' ശബ്ദം ഞാന്‍ നാണത്തോടെ സ്മരിച്ചു. ഒട്ടും കുലുക്കവുമില്ല. തണുപ്പില്‍ നിന്നു രക്ഷപെടാന്‍ പുറം ജാലകങ്ങള്‍ ചില്ലിട്ടു ഉറപ്പിച്ചിട്ടുണ്ട്. പിന്നെ കാലിന്‍ ചോട്ടില്‍ നിന്നു ഹീറ്ററിന്റെ സുഖമുള്ള ചൂടും. പുറത്ത്, തിരക്കിട്ട് പിന്നിലേക്ക്‌ പാഞ്ഞുപോകുന്ന ഒരേ അച്ചില്‍ വാര്‍ത്ത വീടുകള്‍, പള്ളികള്‍, കമ്പോളങ്ങള്‍...പച്ചപ്പില്‍ മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളും കുതിരകളും. കുറെ സ്ഥലത്ത് മഞ്ഞപൂക്കള്‍ പടര്‍ന്നുകിടക്കുന്ന പാടങ്ങള്‍ കണ്ടു. ഓളങ്ങള്‍ പതപ്പിച്ചു ഒഴുകുന്ന അരുവികള്‍ക്കു പിന്നില്‍ ദൂരെ മഞ്ഞില്‍ മറയുന്ന മഞ്ഞ കുന്നുകള്‍...