Friday, November 25, 2011

ഭീതിയുടെ അണക്കെട്ടുകള്‍

       
ഒരു ഡാം മലയാളിയുടെ മനസ്സിനെ  അനുദിനം ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ് . ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു എന്നത് അതിന്‍റെ ശക്തി വിശേഷമായി മാത്രം കാണുന്നത് മണ്ടത്തരമാണെന്നിരിക്കെ, സമാന്തരകാലത്തെ മറ്റെല്ലാ ഡാമുകളെയും പോലെ മുല്ലപ്പെരിയാര്‍ ഡാമും സുരക്ഷിതമാണെന്നും  ഇനിയും വളരെക്കാലം കേടുകൂടാതെ അത് നിലനില്‍ക്കുമെന്നുമുള്ള  തമിഴ്നാടിന്‍റെ വിചിത്രമായ വാദഗതികള്‍ ജനവികാരത്തോടൊപ്പം  ചേര്‍ത്തിളക്കി കോടതിക്ക് മുന്‍പില്‍ വച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം അനാവശ്യമായി ആശങ്ക പരത്തുകയാണെന്നും പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിനെ ഉപദേശിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ജയലളിത കത്തെഴുതിയിരിക്കുകയാണത്രെ. പക്ഷെ കോടതി യുടെ പരിഗണനയിലുള്ള   കേസില്‍ ഇപ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ ന്യായം. ഈ കേസില്‍ വാദം കേള്‍ക്കാന്‍ കോടതിക്ക് ഇനിയും സമയം ആവശ്യമായി വരികയാണെങ്കില്‍, 30  ലക്ഷത്തോളം മനുഷ്യരും അവരെ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളും, ഒരു പക്ഷെ അറബിക്കടലില്‍ എത്തിച്ചേര്‍ന്നു എന്നു വന്നേക്കാം. ഏറ്റവുമാദ്യം നിലപാട് എടുക്കേണ്ട ഒരു പ്രത്യേക കേസ് തന്നെയല്ലേ ഇത്? ഭൂചലനങ്ങളും, പ്രളയവും മറ്റു മഹാമാരികളും ആര്‍ക്കെങ്കിലും വേണ്ടി  കാത്തു നിന്നതായി കേട്ടറിവ് പോലുമില്ലെന്നിരിക്കെ, നമ്മുടെ കോടതികള്‍ക്ക് ഇത്രമാത്രം സമയം എന്തിനാണ്? ബ്രിടീഷുകാരന്‍റെ ശക്തിയിലും കാമ്പുള്ള നിര്‍മ്മാണ വൈദഗ്ധ്യതതിലും നമുക്കുള്ള വിശ്വാസം തിരറ്റതാണ്. പക്ഷെ, 50  വര്‍ഷം ആയുസ്സെഴുതിയ അതേ എന്ജിനീയറെപ്പോലും  അത്ഭുതപ്പെടുത്തി മുല്ലപ്പെരിയാര്‍ ഡാം 116 വര്‍ഷത്തോളമായി മരണത്തെ അതിജീവിച്ചു നിലനില്‍ക്കുന്നു. ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തത്തിന്‍റെ മുന്നോടിയായി വന്നുപോയ്ക്കൊണ്ടിരിക്കുന്ന ചെറു ഭൂചലനങ്ങള്‍ക്ക് പോലും മലയാളിയുടെ മനസിനെ മുക്കിക്കൊല്ലാനുള്ള ശേഷിയുണ്ട്. ഇപ്പൊ റിക്ക്ടര്‍ സ്കേലില്‍ ആണു നമ്മുടെ മുഴുവന്‍ ശ്രദ്ധയും. കേരള സര്‍ക്കാര്‍ വല്യ ഒരു ഉപകാരം ചെയ്യുന്നുണ്ട്, കിട്ടുന്ന അത്യാധുനിക  ഭൂകമ്പ മാപിനികളില്‍ 5 എണ്ണം ഇടുക്കിയില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടത്രേ. ഭാഗ്യം. പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ലെങ്കിലും നമുക്ക് ഭൂകമ്പം കഴിയുമ്പോള്‍ അതിന്‍റെ തോത് മറ്റു നാട്ടുകാരെ വിളിച്ചു അറിയിക്കാന്‍ പറ്റുമായിരിക്കും. 


ഡാം 999 എന്ന സിനിമ ഇന്ന് ലോകമൊട്ടാകെ റിലീസ് ചെയ്യുകയാണ്. മലയാളിയുടെ വികാരമാണ് ഈ സിനിമ എന്ന ധാരണയോടെ തമിള്‍ സഹോദരങ്ങള്‍ ആവേശപൂര്‍വ്വം സിനിമയുടെ പ്രിന്‍റുകള്‍ നശിപ്പിക്കുകയും, തീയെറ്റെര്‍ തകര്‍ക്കുകയും ചെയത്, അവരുടെ സഹതാപം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ സര്‍ക്കാര്‍ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ശക്തിയുക്തം വാദിച്ചത് ഇന്ത്യയില്‍ ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്നാണ്. ഒടുവില്‍ തമിള്‍ മക്കള്‍ സ്വന്തം മണ്ണില്‍ കണ്ണടച്ചിരിക്കാന്‍ തീരുമാനിക്കുകയും സിനിമ തമിഴ്നാട്ടില്‍ നിരോധിക്കുകയും ചെയ്തു. താല്‍ക്കാലികമായ ഈ കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രം മതി, സ്വന്തം രാഷ്ട്രീയ താല്പര്യങ്ങളാണ് മറ്റേതു മനുഷ്യ ജീവിതത്തെക്കാളും പ്രധാനമെന്ന തമിള്‍ വാദം മനസിലാക്കാന്‍. 
പ്രളയ ജലത്തിന് തമിഴ്നാട്ടില്‍ എത്തിച്ചേരാന്‍ പഴുതൊന്നുമില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് കൂടിയാണ്, ഡാം സുരക്ഷിതമാണെന്നും കേരളം അനാവശ്യമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും വാദിക്കുന്നത്. കേരളത്തിലുള്ള ഡാമിന്റെ ബലം, തമിഴ്നാട്ടില്‍ നിന്ന് നോക്കിയാലെ മനസിലാവൂ. ശരിയായിരിക്കാം. തമിഴന്‍റെ പാലും, അരിയും ഇറച്ചി ക്കോഴികളും മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് നട്ടുനനച്ച് എടുത്ത പച്ചക്കറികളും കൂടി നമ്മുടെ ജീവിതം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. മലയാള സിനിമ  അനാവശ്യ പ്രതിസന്ധികള്‍ക്കിരയായി ചിത്രീകരണം നിലച്ചിരിക്കുമ്പോഴും, വിജയ്‌-യും  , സുര്യയും, രജനീകാന്തുമെല്ലാം കേരള മണ്ണും മലയാളി പോക്കറ്റുകളും കീഴടക്കി വാഴുകയാണ്. തമിഴന്‍റെ വികാരങ്ങള്‍ക്ക് നമ്മുടെതിനെക്കാള്‍ വിലയുണ്ട്‌, ബലമുണ്ട്. പക്ഷെ അവന്‍റെ പ്രധാന കമ്പോളമാണ് കേരളം എന്ന വാണിജ്യപരമായ ചിന്ത പോലും നഷ്ടപ്പെടുത്തി, ഡാം പൊളിക്കുന്നതിനെതിരെ സമരം ചെയ്യുന്ന ബുദ്ധിശൂന്യതയെപ്പറ്റി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് വികാരമേയുള്ളൂ, വിവേകമില്ല.  ഇനി പ്രത്യാശ വൈകിയുണരുന്ന വിധി കര്‍ത്താവിലും അദ്ദേഹത്തിന്‍റെ വിധിവാചകത്തിലും  മാത്രം.


വെള്ളത്തിന്‌ രണ്ടു ധര്‍മം ഒരുപോലെ നിറവേറ്റാനറിയാം, ജീവന്‍ കൊടുക്കാനും, ജീവനെടുക്കാനും. തമിഴ്നാട്ടില്‍ അത് ജീവന്‍ പ്രദായിനി ആണെങ്കില്‍, കേരളത്തില്‍ 30 ലക്ഷത്തോളം ജീവിതങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി, ഡാമിന്‍റെ രൂപത്തില്‍  നില്‍ക്കുന്ന ജീവനപഹാരി ആയിട്ടാണ്.  വരും ദിനങ്ങളില്‍, നിസ്സഹായാവസ്ഥയില്‍  നിന്നുണ്ടായ  ജനരോഷം, മറ്റൊരവസ്ഥയിലേക്ക്  മാറും മുന്‍പ് അനുകൂലമായൊരു തീരുമാനമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച്, മന്ത്രിമാര്‍ക്ക് പോലും  ചെകിട്ടത്ത് അടി കിട്ടുന്ന കാലമാണല്ലോ ഇത്.




ജ്യോതിഷ് വെമ്പായം 

No comments:

Post a Comment