കഥ - പൂവാലി
ജ്യോതിഷ് വെമ്പായം
"ലോകം കീഴ്മേല് മറിഞ്ഞാലും അതൊന്നുമറിയാതെ പോത്തുപോലെ കിടന്നുറങ്ങുന്നതു നോക്കിയേ... അങ്ങോട്ട് എണീക്കു മനുഷ്യാ..."
ഭാര്യയുടെ ആക്രോശമാണ് കറവക്കാരൻ ഗോപാലനെ ഉച്ചയുറക്കത്തിന്റെ എ, ബി, സി നിലവറകൾ ഭേദിച്ച് പുറത്തേക്കു കൊണ്ട് വന്നത്.
പോത്ത് എന്ന അവസാന വാചകം ബോധത്തിലേക്ക് മെല്ലെ വന്നു മുട്ടിയുരുമ്മി നിന്നു. അതയാൾക്ക് ഈർഷ്യയുണ്ടാക്കി. പശുക്കളുടെ നാഥനായ ഒരാളെ പോത്ത് എന്ന് അഭിസംബോധന ചെയ്യുന്നതിലെ വൈരുദ്ധ്യാത്മകത ചിലർക്ക് മനസിലാവുകയില്ല.
അയാൾ എണീറ്റ് ബഞ്ചിൻ്റെ ഓരത്തിരുന്നു. മരച്ചീനിയും മീനും ചേർത്ത് ഉച്ചയൂണ് ബലപ്പിച്ചപ്പോ ഒരു സുഖം തോന്നിയതാണ്. പെട്ടെന്ന് ഏതോ ഇടവഴി ചാടി ഒരു തലപെരുപ്പ് വന്നു. വരാന്തയിലെ ബഞ്ചിലേക്ക് ചാഞ്ഞത് മാത്രമറിയാം. മയങ്ങിപ്പോയി. അതിനിപ്പ എന്താണ്?
"ചെന്നു നോക്ക്, നിങ്ങളുടെ നന്ദിനിയെ"...
മിഴിച്ചിരിക്കുന്ന അയാളെ കടന്നു മുറ്റത്ത് ഉണക്കാൻ വച്ചിരുന്ന വറ്റൽ മുളകിനടുത്തേയ്ക്കു പോവുമ്പോൾ ഭാര്യ പറഞ്ഞു.
അവളുടെ നിസംഗഭാവം അയാളെ പരിഭ്രാന്തനാക്കി. ചാടി എണീറ്റ് കിഴക്കു വശത്തേയ്ക്ക് ഓടി. അയ്യോ, എരുത്തിൽ കാലി! ഉച്ചവരെ മൃദുവായി അമറിയും തലയാട്ടിയും ചാണകമിട്ടും നന്ദിനിപ്പൂവാലി നിന്ന ഇടം ദാ ശൂന്യം! അയാൾ നെഞ്ചത്തടിച്ചു. എന്റെ നന്ദിനി എവിടെ....
" മാതാവിനെ കെട്ടിയിടുന്നത് ദ്രോഹമാണെന്ന് പറഞ്ഞു അവന്മാര് കയറു കണ്ടിച്ചു കളഞ്ഞു !"
"ആര്?"
"ആ സോമന്റേം ദിവാകരന്റേം മക്കള്... പറഞ്ഞിട്ടാ പോയത്, ഇനി കെട്ടിയിട്ടാ കാലു തല്ലിയൊടിക്കുമെന്ന്!"
അയാൾ സ്തബ്ധനായി. ആ പിള്ളേര് പറഞ്ഞാൽ പറഞ്ഞതാ. എന്നാലും ഇത് കൊടും ചതിയല്ലേ? പത്തെമ്പതിനായിരം രൂപ വരുന്ന, പതിനഞ്ചു ലിറ്റർ പാലു തരുന്ന മിടുക്കിപ്പശുവാണ്. കുട്ടി ചത്ത വേദന മാറുന്നതേയുള്ളൂ..
"നിങ്ങളടത് മാത്രമല്ല, അബൂൻറേം ലീലേരേം പിന്ന, ആ മേനോൻ്റെ മൂന്നു പയ്ക്കളേം കയറൂരി വിട്ടിട്ടുണ്ട്."
ഭാര്യയ്ക്ക് അതുകൊണ്ടു തന്നെ മികച്ച ആശ്വാസം കിട്ടുന്നുണ്ട്. പക്ഷെ തനിക്കെങ്ങനെ...
രാജ്യം സങ്കീർണമായ ഒരു പ്രശ്നത്തിന് ഉത്തരം കണ്ട ഉച്ചയിൽ ഗോപാലൻ അൽപനേരം ഒന്ന് മയങ്ങിപ്പോയി. അതൊരു പരമമായ തെറ്റ് തന്നെയാണ്. രാജ്യദ്രോഹ തുല്യം. എന്നാലും അതിനിത്രേം ശിക്ഷ വേണമോ? അയാൾ ലീലയുടെ വീട്ടിലേയ്‌ക്കോടി. അയാളെ കണ്ട മാത്രയിൽ പതിവിൻപടി പാല് കറന്നെടുക്കുന്ന പാത്രവും നെയ്യും എടുക്കാൻ കുനിഞ്ഞ ലീല പെട്ടെന്ന് ജാള്യതയിൽ നിന്നു. എന്നിട്ടു ശൂന്യമായ എരുത്തിലിലേയ്ക്ക് ചൂണ്ടി വിഷണ്ണയായി.
"അവര് ഇവിടെയും വന്നു, കോവാലണ്ണാ."
ലീലയുടെ ഇറക്കിവെട്ടിയ പുതിയ ബ്ലൗസിൻ്റെ തിളക്കമോ സ്ഥാനം തെറ്റിക്കിടന്ന ഈരഴത്തോർത്തിനെയോ ശ്രദ്ധിക്കാതെ ഗോപാലൻ നിശ്ശബ്ദനായി പിന്തിരിഞ്ഞു. അയാൾ ഇടവഴിയിലേക്കിറങ്ങുമ്പോൾ സമീപവാസിയായ ചിട്ടി ഉലഹന്നാൻ വിളിച്ചു.
"ഗോപാലാ... നീ എങ്ങോട്ടു പോണ്? നിൻ്റെ പശു എൻ്റെ നാലഞ്ചു ഏത്തവാഴ തിന്നു. ചെറിയ നഷ്ടപരിഹാരത്തിലൊന്നും ഒതുങ്ങൂലാ.. തെളിവിനു ഞാൻ വീഡിയോ എടുത്തിറ്റൊണ്ട്. ദാണ്ടെ..."
ഗോപാലൻ മൊബൈൽ സ്‌ക്രീനിൽ വ്യക്തമായി കണ്ടു. നന്ദിനിയുടെ ഐശ്യര്യമുള്ള വെള്ള പൂവാല്. അവൾ ചിരിച്ചു കൊണ്ട് വാഴക്കൈകൾ തിന്നുന്നു! അയാൾക്ക് അല്പം സമാധാനമായി. അവൾ പരിസരത്തു എവിടെയോ ഉണ്ട്, ഈശ്വരാ ഒരാപത്തും വരാതിരുന്നാ മതിയായിരുന്നു...
ഇവിടെ വന്നെങ്കിൽ അവളുടെ കുളമ്പടിപ്പാടുകൾ എവിടെ? ആഹാ ചിലേടത്തു കാണാനുണ്ട്. ഉലഹന്നാനെ ഉപേക്ഷിച്ചു രണ്ടു പറമ്പുകൾ താണ്ടിയപ്പോൾ ചൂടാറാത്ത ചാണകം ദൃഷ്ടിയിൽപ്പെട്ടു. അയാൾ ഉത്സാഹഭരിതനായി. ഇത് നന്ദിനിയുടേത് തന്നെ. ഇത്ര കൃത്യമായ വട്ടത്തിൽ ചാണകമിടാൻ ഈ പഞ്ചായത്തിൽ അവൾക്കേ കഴിയൂ...
"എവിടേയ്ക്കാ?"
സോമൻ വീട്ടു മുറ്റത്തുനിന്ന് വിളിച്ചു ചോദിച്ചു. ഇത് അയാളുടെ പറമ്പാണ്.
"എൻ്റെ നന്ദിനി.." ഗോപാലൻ മുഴുമിപ്പിച്ചില്ല, സോമൻ്റെ മകൻ വീടിൻ്റെ പുറത്തേയ്ക്കിറങ്ങി വന്ന് മുണ്ടു കയറ്റിക്കുത്തി.
"എന്താ പിടിച്ചു കെട്ടിയിടാനാണാ ഭാവം? എങ്കി ആ കൈ ഞങ്ങളിങ്ങെടുക്കും"
"ഇല്ല... ഒന്ന് കണ്ടാ മതി"
ഭയം അയാളെ മറ്റൊരു വഴിയിലൂടെ പായിച്ചു റോഡെത്തിച്ചു. ഈ നാട്ടിലെ പൈക്കളെല്ലാം എങ്ങോട്ടു പോയി? ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ?
"കടമല്ലാതെ വേറെ എന്തരു വേണേലും പറഞ്ഞോ ഗോപാലണ്ണാ.."
രാജ്യപുരോഗതിയുടെ രാഷ്ട്രീയമറിയാത്ത ഗോപാലന്റെ മുന്നിലേക്ക് ഏറെ പുരോഗതിനേടിയ പറ്റു ബുക്ക് എടുത്തിട്ട് പലചരക്കു കടക്കാരൻ ഡേവിഡ് പറഞ്ഞു. കടയിൽ വേറെയും ആൾക്കാറുണ്ടായിരുന്നു. പറ്റുനോക്കാനല്ല, നന്ദിനിയെ കണ്ടോ എന്ന് ചോദിച്ചപ്പോ ഡേവിഡ് വിദഗ്ധനായ ഒരെലിയെപ്പോലെ ധൃതിയിൽ അരിച്ചാക്കുകൾക്കിടയിലേക്കു ഊളിയിട്ടുപോയി. പോണ പോക്കിൽ 'ഇല്ല' എന്ന ഒരു മന്ത്രണം കേട്ട് ഗോപാലൻ നിരാശനായി പിന്തിരിഞ്ഞു. കേന്ദ്ര നികുതിയും കേരള നികുതിയും എണ്ണവിലയും എല്ലാം കൂട്ടിക്കൂട്ടി പിണ്ണാക്കും പരുത്തിക്കുരുവുമൊക്കെ ആഡംബരവസ്തുവായി കൈയെത്താത്ത ദൂരത്തെത്തിയപ്പോ നന്ദിനി പ്രതിഷേധസൂചകമായി ഡേവിഡിൻ്റെ കടയ്ക്കു മുൻപിൽ തുരുതുരാ മൂത്രമൊഴിച്ചതു അയാളോർത്തു.
ദിനസരി ഉറക്കമുണരുമ്പോൾ നാടിനു സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടു അത്ഭുതപ്പെടാനെ നേരമുള്ളൂ. മാറ്റങ്ങൾ, മനസിലാകാത്ത മാറ്റങ്ങൾ! മകനും സംഘവും നടത്തുന്ന മറ്റൊരു പുരോഗമനപ്രവർത്തനവും അയാൾക്ക് മനസിലായിട്ടില്ല. രാവിലെ രജിസ്റ്റർ ഓഫീസിനു മുന്നിൽ ചെന്നിരുന്നു വെവ്വേറെ മതത്തിലോ ജാതിയിലോ സമുദായത്തിലോ ഉള്ളവർ, വിവാഹം രജിസ്റ്റർ ചെയ്യാൻ വന്നാൽ നിരുത്സാഹപ്പെടുത്തി തിരികെ വീട്ടലെത്തിക്കുന്ന മാതൃകാപരമായ ജോലിയാണ് മകനും കൂട്ടുകാരും കണ്ടെത്തിയിരിക്കുന്നത്.
ചായക്കടക്കാരൻ ബഷീറിൻ്റെ കടയോടടുത്തു. വൈകിട്ടത്തെ പാല് ചോദിച്ചാൽ എന്ത് പറയണമെന്ന് കുഴങ്ങുമ്പോഴേയ്ക്കും കട പൂട്ടിയിരിക്കുന്നതായി കണ്ടു. ഗോപാലന് ആശ്വാസം തോന്നി. മറുപടി പറയാതെ കഴിഞ്ഞല്ലോ. തൊട്ടപ്പുറത്തെ ഇറച്ചിക്കടക്കാരൻ നാസറിൻ്റെ കട ആ പിള്ളേര് പൂട്ടിച്ചിട്ടു ഏഴു മാസമാകുന്നു. എങ്ങനെയോ ഗൾഫിൽപോയി അവിടേം ക്ലച്ച് പിടിക്കാതെ തിരികെ വരവേ വഴിയിൽ കണ്ട ടിപ്പറിനു മുന്നിൽ കേറി നിന്നു.... ഇറച്ചി പോലും കിട്ടിയില്ലത്രേ.
ഗോപാലൻ റോഡ് മുറിച്ചുകടന്ന്, പടർന്നു പിടിച്ച കമ്മ്യൂണിസ്റ്റു പച്ചയ്ക്കിടയിലൂടെ ചെട്ടിയാരുടെ പറമ്പിലേക്ക് കേറി. ആൾപ്പാർപ്പില്ലാത്ത ചെട്ടിയാരുടെ പഴയ വീടിനു ചുറ്റും സമൃദ്ധമായി തഴച്ചു വളരുന്ന ഒരു സ്വാഭാവിക വനമുണ്ട്. സ്വച്ഛശീതളമായൊരു പച്ചക്കാട്. പച്ചക്കുതിരകൾ മേയുന്ന കറുകപ്പുല്ലുകൾ, വള്ളിപ്പടർപ്പുകൾ പടർന്ന മാവുകൾ, ചക്ക വീണു ചിതറി കിളിർത്ത പ്ലാവുകൾ, മേലെ കുടപിടിക്കുന്ന കൊന്നത്തെങ്ങുകൾ. നന്ദിനിക്ക് പുല്ലും ചിലപ്പോഴൊക്കെ വയണയും നാട്ടുവൈദ്യത്തിന് ആടലോടകവും പറിക്കാൻ വരാറുള്ളതാണ് ഈ സുന്ദരൻ ലോകത്തേയ്ക്ക്. നന്ദിനി ഇവിടെ കാണുമെന്നു ഉള്ളു പറഞ്ഞു. പക്ഷെ തേടി നടക്കാൻ വയ്യ, കാലുകൾ തളരുന്നുണ്ട്. അയാൾ ഒരു മരച്ചോട്ടിലിരുന്നു. അങ്ങനിരിക്കുമ്പോ അതാ കേൾക്കുന്നില്ലേ ഒരു കുളമ്പടിയൊച്ച? പുല്ലിൽ മുഖമുരുമ്മുമ്പോളത്തെ ഉച്ഛാസ താളം?
അയാളുടെ മനസ് പറഞ്ഞത് ശരിയായിരുന്നു. നന്ദിനി വന്നു അയാൾക്ക് മുന്നിൽ പൂവാലാട്ടി നിന്നു. പാരതന്ത്ര്യത്തിൻ്റെ അലങ്കാര ചാർത്തുകളൊഴിഞ്ഞ നഗ്നമായ ഗളസ്ഥലം നീട്ടി, കാൽ മടമ്പിൽ അരമുള്ള നാക്കു കൊണ്ട് നക്കി. അയാൾക്ക് പുളകം തോന്നി. കണ്ണുകളിൽ നിന്ന് ആനന്ദം ധാരധാരയായി നിർഗ്ഗളിച്ചു. അയാൾ അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ തലോടി. മുഖത്തോടു മുഖം ചേർത്തു വച്ചു.
അവൾക്കു പിന്നാലെ വേറെയും പശുക്കൾ അവിടേയ്ക്കു വന്നു. ലീലയുടെ, അബുവിൻ്റെ, മേനോൻ്റെ, സക്കറിയയുടെ...എല്ലാം അയാളെ അറിഞ്ഞ പശുക്കൾ.
ക്ഷീണം മനസിലായെന്നവണ്ണം അകിട് ചുരത്തി, കിടാവിനടുത്തേയ്‌ക്കെന്നപോലെ നന്ദിനി ചരിഞ്ഞു നിന്നു. ഗോപാലൻ തൻ്റെ കൈവെള്ളയിലേക്കു വീണ പാൽ തുള്ളികൾ മെല്ലെ നുകരുമ്പോൾ മടക്കിക്കുത്തിയ ലുങ്കിയോടെ സോമൻ്റെ മകൻ കമ്മ്യൂണിസ്റ്റ് പച്ചയ്ക്കു മേലെ കൂടി പറമ്പിലേക്ക് ചാടി.
"ഡോ ... തന്നോട് ഒരുവട്ടം പറഞ്ഞതല്ലേ... തിരിച്ചു പോകാൻ?"
അവൻ അടുത്തേയ്ക്കു വന്നു. കൈയിൽ ഒരു മരപ്പത്തലുണ്ട്.
"പറഞ്ഞിട്ടും മനസിലായില്ലെങ്കിൽ വേറെ വഴിയുണ്ട്..വേണോ?"
അവൻ്റെ പരിഹാസം ആ രൂപത്തെ കൂടുതൽ ഭീഭത്സമാക്കി. നന്ദിനിക്ക് മുമ്പിലെത്തിയതും അവൾ തല ചരിച്ചു മുക്രയിട്ടു. മുന്നോട്ടു കുതിച്ചത് പെട്ടെന്നായിരുന്നു. ഗോപാലന് കാര്യം വ്യക്തമാവുന്നതിനു മുൻപ് കമ്യുണിസ്റ്റ് പച്ചയിൽ ചുവപ്പു വീണു. സോമൻ്റെ മകൻ എങ്ങനെയാണ് പറമ്പിൻ്റെ അതിർത്തിക്കപ്പുറത്തേക്ക് എറിയപ്പെട്ടതെന്നു ഗോപാലൻ അത്ഭുതപ്പെടു മ്പോൾ നന്ദിനി സാവധാനം അരികിൽ വന്നു നിന്നു. മറ്റു പശുക്കളാകട്ടെ തങ്ങൾ കാർന്നു തിന്നേണ്ട ഗൗരവമേറിയ ആഭ്യന്തര വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
കഥ - ജ്യോതിഷ് വെമ്പായം
No comments:
Post a Comment